ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള് ആലേഖനം ചെയ്ത സ്റ്റാച്യു 24 മണിക്കൂറിനകം വാഹനം ഇടിച്ചു തകര്‍ത്തു. ജൂണ്‍ 26 ചൊവ്വാഴ്ചയായിരുന്നു പ്രതിമ സ്ഥാപിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ മുപ്പത്തിരണ്ടു വയസ്സുള്ള മൈക്കിള്‍ റീഡ് അതിവേഗതയില്‍ വാഹനം ഓടിച്ചു സ്റ്റാച്യുവില്‍ ഇടിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ 6000 പൗണ്ടുള്ള പ്രതിമ തകര്‍ന്നു നിലംപതിച്ചു. ഇതേ പ്രതി തന്നെയാണ് മൂന്നുവര്‍ഷം മുമ്പു ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്തു കല്പനകള് ആലേഖനം ചെയ്ത പ്രതിമ ഇടിച്ചു തകര്‍ത്തത്. അര്‍ക്കന്‍സാസില്‍ ചൊവ്വാഴ്ച സ്ഥാപിച്ച പ്രതിമയെ കുറിച്ചുള്ള വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഫ്രീഡം എന്ന് അട്ടഹസിച്ചാണ് പ്രതി സ്റ്റാച്യുവില്‍ വാഹനം ഇടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തെ യൂണിയന്‍ അപലപിച്ചു.
Comments