ടെക്‌സസ്: ജൂലൈ 24 ന് അവസാനിച്ച നാല്‍പ്പത്തിയെട്ടാമത് ഇന്റര്‍നാഷണല്‍ ഫീസിക്‌സ് ഒളിമ്പ്യാടില്‍ യുഎസ് ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ മെഡലുകള്‍ കരസ്ഥമാക്കി. ഇന്ത്യ ഉള്‍പ്പെടെ 88 രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഒളിമ്പ്യാടില്‍ പങ്കെടുത്തിരുന്നു. യുഎസ് ടീം എട്ടാം സ്ഥാനം നേടിയെങ്കിലും ടെക്‌സസ് ഷുഗര്‍ലാന്റ് ജോണ്‍ ഫോസ്റ്റര്‍ ഡ്യൂലസ് ഹൈസ്‌കൂളില്‍ നിന്നുള്ള ബാലാജി, ഫ്‌ലോറിഡാ സാന്‍ഫോര്‍ഡില്‍ നിന്നുള്ള ജിമ്മി ക്വിന്‍, കലിഫോര്‍ണിയ വാട്‌സണ്‍ വില്ലയില്‍ നിന്നുള്ള കൈ ഷി ഗോള്‍ഡ് മെഡലുകളും രാമന്‍ (സിയാറ്റില്‍ ലേക്ക് സൈഡ് സ്‌കൂള്‍), മിഷേല്‍ (ഫ്രിമോണ്ട്, കലിഫോര്‍ണിയ) എന്നിവര്‍ സില്‍വര്‍ മെഡലും കരസ്ഥമാക്കി. ഇന്തൊനീഷ്യയില്‍ 16 മുതല്‍ 24 വരെ നടന്ന മത്സരങ്ങളില്‍ എക്‌സ്‌പെരിമെന്റല്‍, തിയററ്റിക്കല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് മെഡല്‍ ലഭിച്ചത്. മെഡല്‍ ജേതാക്കളെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫീസിക്‌സ് ടീച്ചേഴ്‌സ് അഭിനന്ദിച്ചു. ഇവര്‍ക്ക് പരിശീലനം നല്‍കിയ അധ്യാപകരും പ്രോത്സാഹനം നല്‍കിയ കുടുംബാംഗങ്ങളും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബെത്ത അറിയിച്ചു.
Comments