You are Here : Home / Readers Choice

കാപ്പി പ്രിയരുടെ ശ്രദ്ധയ്ക്ക്; നൈട്രോ കോൾഡ് ബ്രൂ ക്യാനിൽ അടങ്ങിയിരിക്കുന്നത് കൊടും വിഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, September 25, 2017 11:13 hrs UTC

ന്യുയോർക്ക് ∙ മരണം ആഗ്രഹിക്കുന്നത് എന്നർത്ഥമുള്ള 'ഡെത്ത് വിഷ്' എന്ന കോഫി കമ്പനി പുറത്തിറക്കിയ നൈട്രോ കോൾഡ് ബ്രൂ ക്യാനിൽ ഉപയോഗിച്ചാൽ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്, ഡെത്ത് വിഷ് കോഫി കമ്പനി തങ്ങളുടെ നൈട്രോ കോൾഡ് ബ്രൂ ക്യാൻ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളിൽ തിരിച്ചു നൽകിയാൽ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാൻ തയ്യാറാണെന്നു കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നത്തിൽ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന വിഷം അടങ്ങിയിട്ടുണ്ടെന്നു കമ്പനി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ കാപ്പി പ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് നൈട്രോ കോൾഡ് ബ്രൂ ക്യാൻ.

 

 

 

സ്ട്രോങ് കോഫിക്ക് ഏറെ പേര് കേട്ട് ഈ ബ്രാൻഡിനെതിരേ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും രംഗത്തു വന്നിട്ടുണ്ട്. ന്യുയോർക്ക് റൗണ്ട് ലേഷ് ആസ്ഥാനമായ കമ്പനിയുടെ 11 ഔൺസ് നൈട്രോ കോൾഡ് ബ്രൂ ക്യാനിലാണ് ബോച്ചുലിൻ എന്ന വിഷദീപ്തമായ പദാർത്ഥം അടങ്ങിയിരിക്കുന്നത്. ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ഉപയോക്താക്കൾ കേട്ടത്. ക്യാനിൽ നിറച്ചിരിക്കുന്ന കോൾഡ് സ്ട്രോങ് ബ്രൂ കാപ്പി നിർമ്മിക്കാനുള്ള ഇപ്പോഴത്തെ പ്രക്രിയ ബാക്ടീരിയയുടെ വളർച്ചയ്ക്കും ഉത്പാദനത്തിനും കാരണമാകുമെന്നും അതിനെ തടയിടാനാണ് ബോച്ചുലിൻ ഇതിൽ ഉൾക്കൊള്ളിച്ചതെന്നും കമ്പനി അറിയിച്ചു. ബോച്ചുലിൻ മനുഷ്യശരീരത്തിൽ ദോഷകരമായി ബാധിക്കുന്നതാണെന്ന കാര്യം അടുത്തിടെയാണ് ശാസ്ത്രലോകം പുറത്തു വിട്ടത്. തുടർന്നാണ് വർഷങ്ങളായി തങ്ങളുടെ ക്യാനിൽ നിറച്ചിരിക്കുന്ന കോൾഡ് ബ്രൂവിൽ ഇക്കാര്യമുണ്ടെന്ന വസ്തുത ഡെത്ത് വിഷ് കമ്പനിയും വ്യക്തമാക്കിയത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത് ബോച്ചുലിൻ ഉപഭോഗം മൂലം മനുഷ്യശരീരത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും സ്ഥിരമായ ഉപയോഗം ക്രമേണ മരണത്തിലേക്ക് തള്ളിയിട്ടേക്കുമെന്നുമാണ്.

 

 

 

 

 

തുടർച്ചയായുള്ള ഉപയോഗം മൂലം ശരീരത്തിനാകെ ബലഹീനത, തലകറക്കം, കാഴ്ചക്കുറവ്, സംസാരിക്കുന്നതോ വീഴുങ്ങുന്നതോ ആയ പ്രശ്നങ്ങൾ. ശ്വസനത്തിലെ ബുദ്ധിമുട്ട്, മറ്റ് പേശികളുടെ ബലഹീനത, ഉദരശബ്ദം, മലബന്ധം എന്നിവയും സാധാരണ ലക്ഷണങ്ങളാണ്. ലോകത്തിലെ ഏറ്റവും വീര്യം കൂടിയ കോഫി ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ മുൻനിരക്കാരാണ് ഡെത്ത് വിഷ്. അമേരിക്കയിൽ കാപ്പി പ്രിയരിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നതും ഡെത്ത് വിഷ് പുറത്തിറക്കുന്ന ക്യാനിൽ നിറച്ചിരിക്കുന്ന കോൾഡ് ബ്രൂവാണ്. ന്യുയോർക്കിലെ പല ഗ്രോസ്സറി ഷോപ്പുകളിലും ഇപ്പോൾ നിരോധിക്കപ്പെട്ട ബ്രൂവിന്റെ ക്യാനുകൾ അടുത്തിടെ വരെ ലഭ്യമായിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് ഞങ്ങൾക്ക് ഏറ്റവും പ്രാധാന്യം. ഏറ്റവും മികച്ച ഗുണനിലാവരം, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുവേണ്ടി ഇപ്പോൾ ഉപയോക്താക്കളിൽ എത്തിയിരിക്കുന്ന നൈട്രോ കോൾഡ് ബ്രൂവിന്റെ ആ പ്രത്യേക ക്യാൻ മുഴുവൻ തിരിച്ചെടുക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

 

 

 

ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്താനാണ് വൻ നഷ്ടം സഹിച്ചു കൊണ്ടുള്ള ഈ സുപ്രധാനമായ നടപടി– ഡെത്ത് വിഷ് കോഫി സ്ഥാപകനും ഉടമസ്ഥനുമായ മൈക് ബ്രൗൺ പറഞ്ഞു. കമ്പനിയുടെ വെബ്സൈറ്റിൽ നൈട്രോ കോൾഡ് വാങ്ങുന്നവർക്ക് 60 ദിവസത്തിനുള്ളിൽ മുഴുവൻ റീഫണ്ട് ലഭിക്കുമെന്ന് ബ്രൗൺ പറഞ്ഞു. നിർമ്മാണ പ്രക്രിയയിൽ മാറ്റം വരുത്തുന്നത് വരെ കമ്പനി ഈ ബ്രൂ‌വിന്റെ ഉൽപ്പാദനം നിർത്തി വച്ചിരിക്കുകയാണ്. എന്തായാലും ഈ കോൾഡ് കോഫി കഴിച്ചവർക്കാർക്കും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.