ന്യൂയോർക്ക്∙ ഓസ്കർ അവാർഡ് നിശ ഫെബ്രുവരി 24 നാണ്. പതിവുപോലെ സ്ത്രീ നായികമാരിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതായി അക്കാദമി അംഗങ്ങൾക്ക് വിലിയിരുത്തിയ അഞ്ച് നടിമാർ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം മാനിക്കപ്പെടേണ്ട ചിലരെ ഒഴിവാക്കി, അർഹതയില്ലാത്ത ചിലരെ പട്ടികയിൽ ഉൾപ്പെടുത്തി എന്ന ആരോപണവും പതിവുപോലെ ഉയരുന്നുണ്ട്. നോമിനേഷൻ ലഭിച്ച അഞ്ച് നടിമാരെയും അവരുടെ പ്രകടനങ്ങളും നമുക്ക് പരിചയപ്പെടാം. 71 കാരിയായ ഗ്ലെൻ ക്ലോസ് ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതയാണ്. സുപ്രസിദ്ധ നോവലിസ്റ്റ് ജോ കാസിൽമാന്റെ എല്ലാ കാര്യവും കൃത്യ നിഷ്ഠയോടെ ചെയ്യുന്ന ഭാര്യ ജോയൻ കാസിൽമാന്റെ റോളാണ് ദ വൈഫിൽ ക്ലോസ് അവതരിപ്പിച്ചത്. സാധാരണ കാണാറുള്ളതുപോലെ ചിന്താക്കുഴപ്പം സ്വന്തം അസ്ഥിത്വത്തിന്റെ തിരച്ചിലും ഒന്നുപോലെ സങ്കീർണമാക്കുന്ന ജീവിതം ഓർമ്മയിൽ തങ്ങി നിൽക്കുന്നതാക്കുവാൻ ക്ലോസിന് കഴിഞ്ഞു.
വലിയ നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞ ക്ലോസ് ചിത്രത്തിൽ കാണുന്നതുപോലെ പെട്ടെന്ന് അപ്രത്യക്ഷമാവാതിരിക്കും എന്ന് ആരാധകർ, പ്രത്യേകിച്ച് ഓസ്കർ നിശയിൽ സംബന്ധിക്കുന്നവർ ആഗ്രഹിക്കുന്നുണ്ടാവും. ആറ് തവണ ഏറ്റവും നല്ല നടിക്കുള്ള നോമിനേഷൻ ലഭിച്ചുവെങ്കിലും ഇതുവരെ ഓസ്കർ വേദിയിൽ ആ ചെറിയ പ്രതിരൂപം കൈക്കലാക്കുവാൻ കഴിഞ്ഞിട്ടില്ല. ഒരു ബയോ പിക്കിൽ ലീ ഇസ്രേൽ എന്ന കൗശലക്കാരിയായ ജീവചരിത്ര രചയിതാവായി പ്രത്യക്ഷപ്പെട്ട മെലിസ മക്കാർത്തിക്ക് ഈ റോളിന് അക്കാദമി നോമിനേഷൻ ലഭിച്ചു. വ്യാജ രചനകൾ നടത്തുകയും അതിൽ ലവലേശം കുറ്റബോധം ഇല്ലാതിരിക്കുകയും ചെയ്യുന്ന ലീയെ പോലെ ഉള്ളവരെ തനിക്കിഷ്ടമാണെന്ന് മക്കാർത്തി പറയുന്നു. ടൈപ് കാസ്റ്റിംഗിൽ വിശ്വാസമില്ലാത്ത മക്കാർത്തിയെ മാരിയൽ ഹെല്ലറുടെ ജീവചരിത്ര ഡ്രാമെഡി (ഡ്രാമ– കോമഡി)യിലെ കേന്ദ്ര കഥാപാത്രം മിഴിവുറ്റതാക്കുവാൻ കഴിഞ്ഞതിന് (കാൻ യൂ എവർ ഫൊർഗിവ് മി എന്ന ചിത്രം) അക്കാദമി നോമിനേറ്റ് ചെയ്തു. 45 കാരിയ മക്കാർത്തിക്ക് മുൻപ് ഒരു തവണ നോമിനേഷൻ ലഭിച്ചുവെങ്കിലും അവാർഡ് ലഭിച്ചില്ല. കാൻ യൂ എവർ ഫൊർഗിവ് മിയിലെ തന്റെ കഥാപാത്രം മക്കാർത്തി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലീ തന്റെ ജോലി ഇഷ്ടപ്പെട്ടു. എഫ്ബിഐ അവരെ പിടിച്ചപ്പോഴും താൻ ചെയ്തത് തന്റെ ഏറ്റവും നല്ല ജോലിയായി. അവർ കരുതി. ചിത്രം കണ്ട് കഴിയുമ്പോൾ പ്രേക്ഷകർ അവരെ തീർച്ചയായും ഇഷ്ടപ്പെടും എന്ന് ഞാൻ കരുതുന്നു.
ലേഡി ഗാഗായെ പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ ഒരു ഗ്ലോബൽ വിഗ്രഹമാണ് താൻ എന്ന പൊതുവേ അംഗീകരിക്കപ്പെട്ട വിശേഷണത്തെ അതിജീവിക്കേണ്ട വെല്ലുവിളിയാണ് എ സ്റ്റാർ ഈസ് ബോണിലെ ആലി എന്ന കഥാപാത്രം ഉയർത്തിയത്. തീരെ പരിചയമില്ലാത്ത ഒരു ഗായിക ആയിരങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം തന്മയത്വമായി അവതരിപ്പിച്ച് ഗാഗാ നോമിനേഷൻ നേടി. ജാക്സണൊപ്പം താൻ യുഗ്മ ഗാനം പാടണോ എന്ന് സദസ്യരോട് ആലി ചോദിച്ചപ്പോൾ സ്തബ്ധരായി മറുപടി ഇല്ലാതെ അവർ ഇരുന്നു. അവരുടെ സംശയം ആലിക്ക് ഇത് കഴിയുമോ എന്നായിരുന്നു. തികഞ്ഞ സങ്കോചത്തോടെ ആരാധകരുടെ മുന്നിൽ പ്രകടനം നടത്തിയിരുന്ന നാളുകൾ ഞാനോർത്തു. ഷാലോയിൽ ബ്രാഡ് ലി അലറി വിളിച്ച് ഗിറ്റാറും ഉപയോഗിച്ച് പാടുമ്പോൾ സ്റ്റേജിന്റെ ഓരത്ത് ഞാൻ സങ്കോചത്തോടെ നിന്നിരുന്നു. അതേസമയം ആരാധകരുടെ മുന്നിലേയ്ക്ക് കടന്നു ചെന്ന് പ്രകടനം നടത്തുവാനുള്ള പ്രചോദനവും ഉണ്ടായി. ഓസ്കർ നിശയിൽ ഇതുപോലെ സ്റ്റേജിലേയ്ക്ക് കടന്നു ചെന്ന് അവാർഡ് സ്വീകരിക്കുവാൻ കഴിയുമോ ?
32 വയസ്സുള്ള ഗാഗായുടെ ആദ്യ നോമിനേഷൻ ആണിത്. 25 കാരി യാലിറ്റ്സ അപാരിസിയോവും അവരുടെ ചിത്രം റോമയും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും നല്ല നടി, നല്ല ചിത്രം, നല്ല സംവിധായകൻ, നല്ല സഹനടി തുടങ്ങിയ നോമിനേഷനുകൾക്കൊപ്പം ഏറ്റവും വിദേശ ഭാഷാ ചിത്രത്തിനുള്ള ഷോർട്ട് ലിസ്റ്റിലും റോമ ഇടം നേടി. 10 നോമിനേഷനുകൾ ലഭിച്ച റോമയുടെ സംവിധായകൻ അൽഫോൺസോ ക്യുയറോൺ അക്കാദമി അവാർഡ് ജേതാവാണ്. ഒരു അധ്യാപികയായി പരിശീലനം ലഭിച്ച അപരാസിയോ വളരെ ശ്രമകരമായ ഒരു റോൾ മികച്ചതാക്കിയാണ് ഓസ്കർ നോമിനിയായത്. ക്ലിയോ എന്ന വീട്ടു ജോലിക്കാരിക്ക് വളരെ അധ്വാനം ആവശ്യമാണ്. തന്റെ യഥാർഥ ജീവിതവുമായി സാദൃശ്യമുള്ള ഈ റോൾ താൻ ഏറെ ഇഷ്ടപ്പെട്ടു എന്ന് അപാരിസിയോ പറയുന്നു. അപാരിസിയോവിന്റെ റോൾ ഏറെ വിഷമം പിടിച്ചതായിരുന്നു എന്നു ക്വയറോൺ പറഞ്ഞു. വെറുതെ ഇരിക്കുക മാത്രമല്ല, വെറുതെ ഇരിക്കുമ്പോൾ വേദനിച്ച് കരയണം അതോടൊപ്പം സ്വയം രസിക്കുകയും വേണം, ഇതാണ് റോൾ ആവശ്യപ്പെട്ടത്. യാലിറ്റ്സയ്ക്ക് ഇത് മനസിലാക്കി പിഴവുകൾ ഇല്ലാത്ത പ്രകടനം കാഴ്ച വയ്ക്കുവാൻ കഴിഞ്ഞു. ക്യുയറോൺ കൂട്ടിച്ചേർത്തു. 1970 കളിൽ മെക്സിക്കോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് റോമ ബ്ലാക്ക് ആന്റ് വൈറ്റിൽ പറഞ്ഞത്. അപരാസിയോയുടെ ആദ്യ ചലച്ചിത്രാഭിനയത്തിന് ഓസ്കർ നോമിനേഷൻ ലഭിച്ചു. അവർക്ക് ആദ്യ ഓസ്കറും ധാരാളം പേർ പ്രവചിക്കുന്നു. മിണ്ടാട്ടമില്ലാത്ത ആൻ രാജ്ഞിയായി ദ ഫേവറിറ്റിൽ കാഴ്ചവച്ച അഭിനയത്തിനാണ് ഒളീവിയ കോൾമന് ഓസ്കർ സാധ്യത തെളിഞ്ഞത്. അനായാസമായ പ്രകടനം കഥാപാത്രത്തെ വേറിട്ട് നിർത്തി.
സാധാരണ കാണാറുള്ള രാജകീയ വേഷങ്ങളിൽ നിന്ന് വ്യത്യസ്തയായിരുന്നു ഈ റാണി. ഒരു തരം ഉന്മാദാവസ്ഥയിലെത്തിക്കുന്ന ആനന്ദവും ഗൗട്ട് രോഗത്തിന്റെ വേദനയും ജീവിതത്തോടുള്ള വെറുപ്പും തീരെ ബുദ്ധിമുട്ടില്ലാതെ കോൾമാൻ പ്രേക്ഷകരിൽ എത്തിച്ചു. സംവിധായകൻ യോർഗോസ് ലാന്തിമോസ് പറയുന്നത് വികാരഭേദങ്ങളുടെ ഒരു റോളർ കോസ്റ്റർ യാത്രയാണ് കോൾമാൻ നടത്തിയത് എന്നാണ്. ഇത് അവർക്ക് അനായാസം കഴിഞ്ഞു എന്നത് അവിശ്വസനീയമാണ്. അവരോട് എന്താണ് ആവശ്യം എന്ന് പറയുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ആവശ്യത്തിനനുസരിച്ച് പ്രകടനം കാഴ്ച വെച്ചു. 45 കാരിയായ കോൾമാന്റെ ആദ്യ ഓസ്കർ നോമിനേഷനാണിത്. ഈഅഞ്ചു പേരിൽ ആരാകും ഓസ്കർ നിശയിൽ അവാർഡ് വാങ്ങുക എന്നറിയാൻ 24–ാം തിയതി രാത്രി വരെ കാത്തിരിക്കേണ്ടതുണ്ട്.
Comments