ജോസ് പിന്റോ സ്റ്റീഫന്‍
തിരുവനന്തപുരം ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിഴിഞ്ഞം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇടചേര്‍ന്ന് ജീവിക്കുന്ന ഒരു കടലോരഗ്രാമം. പ്രകൃതിദത്തമായ മല്‍സ്യബന്ധന കേന്ദ്രമായ വിഴിഞ്ഞത്തെ കടല്‍ ക്ഷോഭമുണ്ടാക്കുന്ന മാസങ്ങളില്‍ മറ്റു ഗ്രാമങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ ആശ്രയിക്കാറുണ്ട്. വിഴിഞ്ഞത്ത് ഒരു അന്താരാഷ്ട്ര തുറമുഖം പണിയാമെന്നുള്ള കേന്ദ്രഗവര്‍ണ്‍മെന്റിന്റെ വാഗ്ദാനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കടലാസിന്റെ വില പോലുമില്ലാത്ത പൊള്ള സ്വപ്നമായി അത് അവശേഷിക്കുന്നു. ധാരാളം വാദങ്ങളും പ്രതിവാദങ്ങളും ഈ വിഷയത്തെപ്രതി ഉണ്ടായി. ഈയിടെ ആം ആദ്മി പാര്‍ട്ടി തിരുവനന്തപുരം യൂണിറ്റിന്റെ സമ്മേളനത്തില്‍ വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ച് ഏലിയാസ് ജോണ്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഏലിയാസ് ജോണിന്റെ അഭിപ്രായത്തില്‍ വിഴിഞ്ഞം തുറമുഖം ഒരു യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയുടെ പുരോഗതിയില്‍ ഒരു കുതിച്ചുകയറ്റം തന്നെ ഉണ്ടാകും. ഇന്ത്യക്ക് ഒരു മദര്‍പോര്‍ട്ട് ഇല്ല എന്നത് ദുഃഖകരമായ സത്യമാണ്.
തൊട്ടടുത്ത രാജ്യമായ ചൈനയില്‍ ആറോ ഏഴോ മദര്‍പോര്‍ട്ടുകള്‍ ഉണ്ട്. മദര്‍പോര്‍ട്ട് എന്നത് തുറമുഖങ്ങളുടെ പ്രവര്‍ത്തന വ്യാപ്തിയും സജ്ജീകരണങ്ങളും അടിസ്ഥാനമാക്കി നല്‍കിയിരിക്കുന്ന പദവി ആണ്. ശ്രീലങ്കയില്‍ രണ്ടും സിംഗപ്പൂരില്‍ രണ്ടോ അതില്‍ കൂടുതലോ മദര്‍പോര്‍ട്ടുകളാണുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ ശേഖരം ഒട്ടും തന്നെ ഇല്ലാത്ത സിംഗപ്പൂരിന്റെ വികസനം സാധ്യമാക്കി തീര്‍ത്തത് ഈ തുറമുഖങ്ങളാണ്. ദുബായിയുടെ വികസനത്തിലും അവിടത്തെ തുറമുഖങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ലോകമാസകലം ഏറ്റവുമധികം ചരക്കു ഗതാഗതം നടക്കുന്നത് സമുദ്രത്തിലൂടെയാണ് . അതുകൊണ്ട് തന്നെ തുറമുഖങ്ങള്‍ ആ രാജ്യങ്ങളുടെ വികസനത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്. വിഴിഞ്ഞം തുറമുഖം ഒരു യാഥാര്‍ത്ഥ്യമായാല്‍ അനുബന്ധ ചെറുകിട തുറമുഖങ്ങളായ കൊളച്ചല്‍, തൂത്തുക്കുടി, വല്ലാര്‍പാടം , തങ്കശ്ശേരി എന്നീ പ്രദേശങ്ങളുടെ വികസനവും വളരെ വേഗത കൈവരിക്കും. അതുവഴി തെക്കന്‍ കടലോര പ്രദേശങ്ങള്‍ രാജ്യാന്തര സമുദ്രഗതാഗത മേഖലയിലെ സുപ്രധാന കണ്ണികളായി മാറും. അതുവഴി ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി ഉയരും. വിഴിഞ്ഞം തുറമുഖനിര്‍മ്മാണം വൈകുന്നതു വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം കണക്കുകള്‍ക്കധീനമാണ്.
ഓരോ ദിവസം കടന്നു പോകുമ്പോഴും നിര്‍മാണ പ്രവര്‍ത്തികളുടെ ചിലവ് കോടിക്കണക്കിന് രൂപയായി വര്‍ദ്ധിക്കുന്നു. ഈ പ്രോജക്ടിനെ അട്ടിമറിക്കാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും നേര്‍ക്കുനേരെ നിന്നുകൊണ്ടും ഒളിഞ്ഞിരുന്നുകൊണ്ടും ഒരു പാട് ശത്രുക്കളും കുപ്രചാരകരും പ്രവര്‍ത്തിക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതി ഒരു നാടിന്റെ മാത്രം പദ്ധതിയല്ല. ഇതൊരു ആഗോളപദ്ധതി തന്നെയാണ്. ശരിയായ രാഷ്ട്രീയ സന്നദ്ധതയില്ലായ്മയാണ് നമ്മുടെ പ്രശ്‌നം. കേന്ദ്ര ഗവണ്‍മെന്റ് ശക്തമായി മുന്നിട്ടിറങ്ങി നടപ്പിലാക്കേണ്ടത് ഇന്ത്യയുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണെന്ന് അഭിപ്രായപ്പെടുന്നതോടൊപ്പം അതിനാവശ്യമായ ധനം സമാഹരിക്കേണ്ടതെങ്ങനെയാണെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. നമ്മുടെ പരിസ്ഥിതി നിയമങ്ങളെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്പും രൂപ്പപെടുത്തിയ , നമ്മുടെ നാട്ടിലെ പരിതസ്ഥിതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത പഴഞ്ചന്‍ പരിസ്ഥിതി നിയമങ്ങളാണ് നമ്മള്‍ സ്വീകരിച്ചിരിക്കുന്നത്. ആവശ്യത്തിലധികം വികസനം നടന്നു കഴിഞ്ഞ ആ രാജ്യങ്ങള്‍ ഇപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കപടപ്രചാരകരായി മാറിയിരിക്കുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന , ദാരിദ്ര്യരേഖക്കടിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന ഭൂരിപക്ഷം വരുന്ന നമ്മുടെ ജനങ്ങള്‍ക്ക് ആദ്യം വേണ്ടത് വയറിന്റെ ഉള്‍വിളി മാറ്റാന്‍ ആവശ്യമായ ഭക്ഷണമാണ്.
അത് ലഭിക്കണമെങ്കില്‍ അവര്‍ക്കെല്ലാം പറ്റിയ തൊഴിലവസരങ്ങള്‍ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണം അതുകഴിഞ്ഞ് തീരുമാനിക്കാവുന്നതാണ്. എന്നു പറഞ്ഞ് ഞാന്‍ പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്ന വ്യക്തിയാണെന്ന് തെറ്റിദ്ധരിക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം കിട്ടേണ്ടത് ആദ്യവും പിന്നെ കിട്ടേണ്ടത് പിന്നെയും ലഭിക്കട്ടെ. തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്നു തന്നെ തുടങ്ങണം. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി ഇപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നടക്കുന്ന ചരക്കു ഗതാഗതത്തിന്റെ ദിശാഗതി മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയും സഞ്ചരിക്കുന്ന അവസ്ഥ ഉണ്ടാകും. ഈ ലേഖകന്‍ ഇത്രയുമെഴുതിയതിനിടയില്‍ ഏലിയാസ് ജോണിനെപ്പറ്റി വിവരിക്കാത്തത് നിങ്ങള്‍ക്കദ്ദേഹത്തെ നന്നായി അറിയാം എന്ന ധാരണ ഉള്ളതുകൊണ്ടാണ്. എന്തായാലും അദ്ദേഹത്തെപ്പറ്റി ഇനിയും കേട്ടിട്ടില്ലാത്തവര്‍ക്കായി ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, ജേര്‍ണലിസം ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എണ്‍പതുകളുടെ അവസാനഘട്ടത്തില്‍ തന്നെ പൂനയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ടിവി പ്രോഗ്രാം നിര്‍മാമണത്തില്‍ പ്രാഥമിക പരിശീലനം നേടി.
ദൂരദര്‍ശന്‍ വിട്ടതിനുശേഷം എന്‍.റ്റി.വിയുടെ പ്രമോട്ടര്‍മാരിലൊരാണായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ എന്‍.ടി.വി കേരളാ യൂണിറ്റിന്റെ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. വിഴിഞ്ഞം എന്ന പ്രദേശത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും അവിടെ തുറമുഖം ഉണ്ടായാല്‍ അത് ആ നാടിനെയും നാട്ടുകാരെയും എങ്ങനെ ബാധിക്കുമെന്നും വളര ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന ഏലിയാസ് ജോണ്‍ തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയുടെ കീഴിലുള്ള പ്രമുഖ തീരപ്രദേശ ഇടവകയായ തോപ്പ് സെന്റ്. അന്നാ പള്ളി അംഗമാണ്. ജാലകം (ദൂരദര്‍ശന്‍), അണിയറ (സൂര്യ ടിവി), എന്നീ പരിപാടികളുടെ അവതാരകനായിരുന്നു അദ്ദേഹം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.ntv.in
Comments