സിറിയയില്‍ വിശന്നുവലഞ്ഞ പ്രക്ഷോഭകാരികള്‍ മൃഗശാലയില്‍ നിന്നും സിംഹത്തെ മോഷ്‌ടിച്ച് അതിനെ കൊന്നു ഭക്ഷിച്ചതായി ആരോപണം. ഡമാസ്‌കസിലാണ് സംഭവം. ഇവിടം ആറു മാസത്തോളമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞതിനാല്‍ പ്രക്ഷോഭകാരികള്‍ സിംഹത്തെയാണ് ഭക്ഷണമാക്കിയത് എന്നാണ് ആരോപണം വന്നിരിക്കുന്നത്. ഡമാസ്‌കസിലെ ഗൗട്ടയിലുള്ള അല്‍ ക്വറിയ അല്‍ ഷമാ മൃഗശാലയില്‍ നിന്നുള്ള സിംഹത്തെയാണ് പ്രക്ഷോഭകാരികള്‍ ഭക്ഷണമാക്കിയിരിക്കുന്നതായി വിവരം. ഇതു കാണിക്കുന്ന ഒരു ഗ്രാഫിക് ചിത്രമാണ് ഇപ്പോള്‍ സംഭവത്തിനു തെളിവായി പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യത്ത് പട്ടിയെയും പൂച്ചയെയും കൊന്ന് ഭക്ഷണമാക്കരുതെന്ന് സര്‍ക്കാര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ചിലര്‍ വിശ്വസിക്കുന്നത് സിംഹത്തിനെ കൊന്നത് തിന്നാനല്ല, പകരം അതിന്റെ തൊലിയെടുത്ത് പ്രക്ഷോഭകാരികള്‍ക്ക് ചൂടു പകരുന്ന കോട്ടു നിര്‍മിക്കാനാണ് എന്നാണ്.
Comments