ഇന്‍ഡ്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ, ഇന്‍ഡ്യാക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി ഓഫീസ് അറസ്റ്റു ചെയ്തു. അവരെ അറസ്ററു ചെയ്ത രീതി തെറ്റായിപ്പോയി എന്നാണെന്റെ അഭിപ്രായം. അത്രയേറെ നാടകീയത ഇല്ലാതെ തന്നെ അവരുടെ അറസ്റ്റു രേഖപ്പെടുത്താമായിരുന്നു. വിസ ഫ്രോഡ്, തെറ്റായ സത്യവാങ്ങ്മൂലം നല്കല് എന്നിങ്ങനെ രണ്ടു കുറ്റങ്ങളാണ് അവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഡോ.ദേവയാനി ഖൊബ്രഗാഡയുടെ അറസ്റ്റില്‍ അമേരിക്കന്‍ ഇന്‍ഡ്യന്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് ഇവിടുത്തെ സ്വയം പ്രഖ്യാപിത നേതാക്കന്മാര് ആഹ്വാനം ചെയ്തിരിക്കുന്നു. ഇതേ നേതാക്കന്മാര് തന്നെയാണ് അമേരിക്കന്‍ ഇന്‍ഡ്യന്‍ എംബസ്സിക്കും, കോണ്സലേറ്റുകള്ക്കും, അവിടെയുള്ള ഉദ്യോഗസ്ഥന്മാരുടെ മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദം മുഴക്കികൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ കോണ്‍സുലേറ്റില്‍ പോയി ഉഴുന്നുവടയും, സമോസയും കഴിച്ചിട്ട്, പടമെടുത്തു പത്രത്തില്‍ കൊടുക്കുവാനും ഈ നേതാക്കന്മാര്ക്ക് യാതൊരു ഉളുപ്പുമില്ല. ഇവിടുത്തെ ഇന്ത്യന്‍ എംബസിയും, കോണ്‍സുലേറ്റും ഇന്‍ഡ്യന്‍ വംശജരായ അമേരിക്കക്കാര്‍ക്ക് എന്തു സേവനമാണു ചെയ്യുന്നത്? അത്യാവശ്യകാര്യങ്ങളായ വിസ, ഓ.സി.ഐ. കാര്‍ഡ്, പാസ്സ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ നല്കുവാന് പോലും അവരെക്കൊണ്ട് കഴിയുന്നില്ല. കുറഞ്ഞ പക്ഷം ഇതേപറ്റി വളരെ വ്യക്തമായ ഗൈഡ്ലൈന്‍ കൊടുക്കുവാനെങ്കിലും ഇവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍! ഒരു മണവും ഗുണവുമില്ലാത്ത ചില ഔട്ട്സോഴ്സിംഗ് ഏജന്‍സികളെയാണ് ഈ വക കാര്യങ്ങള്‍ ഏല്പിച്ചിരിക്കുന്നത്! പിന്നെ എന്തിന് ഇവിടെ ഒരു കോണ്‍സുലേറ്റ് യാതൊരു കാര്യവുമില്ലാതെ കുറേ ബ്യൂരോക്രാറ്റുകലെ തീറ്റിപ്പോറ്റുന്നു. അതിഭീമമായ ശമ്പളത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഇവിടേക്ക് ഡെപ്യൂട്ടേഷനില്‍ അയക്കുന്നു. ഇന്‍ഡ്യയിലെ അതേ ഉന്നത ഉദ്യോസ്ഥ മനോഭാവമാണ് ഇവിടെയും അവര്‍ വെച്ചു പുലര്‍ത്തുന്നത്. ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശിച്ച് സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ നമുക്ക് സ്വന്തമായി ഒരു പ്രവാസകാര്യമന്ത്രിയുമുണ്ട്.
കഷ്ടം! ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി എന്നു പറഞ്ഞാല്‍ എന്തു തോന്ന്യവാസവും കാണിക്കുവാനുള്ള ലൈസന്‍സല്ല. പ്രതിമാസം 4500 ഡോളര്‍ ശമ്പളം നല്‍കുമെന്ന് കാണിച്ചാണത്രേ ഡോ.ദേവയാനി, വേലക്കാരിക്കു വേണ്ടി വിസാ പെറ്റിഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍ അതിന്റെ നാലിലൊന്നു പോലും നല്‍കിയല്ല എന്നാണ് ആരോപണം. ഡോ. ദേവയാനിയെപ്പോലുള്ള ഒരു ഡപ്ലോമാറ്റിന് നേരായ മാര്‍ഗ്ഗത്തില്‍ കൂടെ തന്നെ ഒരു സഹായിയെ ഇവിടെ കൊണ്ടുവരുവാന്‍ കഴിയുമായിരുന്നു. മതിയായ തെളിവുകളില്ലാതെ, അവരെ അറസ്റ്റു ചെയ്യുമെന്നു കരുതുന്നില്ല. അങ്ങിനെയെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് അറിയാത്ത വെറും മണ്ടന്മാരായിരിക്കുകയില്ല. അറ്റോര്‍ണി ഓഫീസിലെ ഉദ്യോഗസ്ഥര്‍. ഈ സംഭവത്തില്‍ ഇന്‍ഡ്യന്‍ എംബസി പ്രതിഷേധമല്ല, ഖേദപ്രകടനമാണ് നടത്തേണ്ടിയിരുന്നത്. ഏതായാലും ഡോ.ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റുചെയ്ത രീതി മോശമായിപ്പോയി! അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. സംഗതി എന്തായാലും അവര്‍ക്കു ജയില്‍വാസമൊന്നും ലഭിക്കുവാന്‍ പോകുന്നില്ല. കൂടിവന്നാല്‍ ഇന്‍ഡ്യയിലേക്കു തിരിച്ചു പോകണമെന്ന ഒരു ഉത്തരവ്! ഒരു ചെറിയ ആഗ്രഹം. വല്ലപ്പോഴുമൊക്കെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ മുന്നില്‍ പോയി കൊടി പിടിക്കുന്ന നേതാക്കന്മാര്, ഈ അറസ്റ്റിനെ പ്രതിഷേധിച്ച് യു.എസ്. അറ്റോര്‍ണി ഓഫീസ് ഉപരോധിക്കണം. വെറുതേ അധരവ്യായാമം നടത്തിയാല്‍ നേതാവില്ല. പ്രവര്‍ത്തിയിലൂടെ അതു തെളിയിക്കണം! അവരാണ് നേതാക്കന്മാര്!
Comments