ഓസ്റ്റിന്‍ : ലൈബ്രറയില്‍ നിന്നും കൊണ്ടുപോകുന്ന പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ജയില്‍ശിക്ഷ നല്‍കുന്ന നിയമം ടെക്‌സസ്സില്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടെക്‌സസ് സംസ്ഥാനത്ത് സെപ്റ്റംബറിലാണ് നിയമം നിലവില്‍ വന്നത്. പുസ്തകം തിരിച്ചേല്‍പ്പിക്കുന്നില്ലെങ്കില്‍ അത് കളവായി പരിഗണിക്കുകയും, ജയില്‍ശിക്ഷയും ഫൈനും നല്‍കുന്നതിന് ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ജോറി എന്‍കിനെ ജി.ഇ.ഡി. പുസ്തകം തിരിച്ചേല്‍പ്പിച്ചില്ല എന്ന കാരണത്താല്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതിനെ തുടര്‍ന്നാണ് നിയമത്തിന്റെ ഗൗരവം പൊതുജനശ്രദ്ധ പിടിച്ചുപറ്റിയത്.
മൂന്നുവര്‍ഷം മുമ്പാണ് സെന്‍ട്രല്‍ ടെക്‌സസ്സിലുള്ള ഒരു ലൈബ്രറിയില്‍നിന്നും ജോറി പുസ്തകം എടുത്തിരുന്നത്. പുസ്തകങ്ങള്‍ കൊണ്ടുപോകുന്നവര്‍, തിരിച്ചേല്‍പ്പിക്കാതിരിക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്കു പുസ്തകം നല്‍കുവാന്‍ സാധിക്കാതിരിക്കുന്നതും, പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ട് ലഭ്യമല്ലാത്തതുമാണ് അധികൃതരെ ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബ്ബന്ധിതരാക്കിയത്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുപോയിട്ടുള്ളവര്‍ ഉടനെ തിരിച്ചേല്‍പ്പിക്കുന്നത് മേല്‍നടപടികള്‍ ഒഴിവാക്കാനുപകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments