വാഷിംഗ്ടണ്‍ : തൊഴിലില്ലായ്മ വേതനം ലഭിക്കുന്ന അമേരിക്കയിലെ ഒരു മില്യണിലധികം വരുന്ന തൊഴില്‍ രഹിതര്‍ക്ക് മൂന്നു മാസം കൂടി തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. ഡിസംബര്‍ 27 വെള്ളിയാഴ്ച സെനറ്റര്‍മാരെ ഫോണില്‍ വിളിച്ചാണ് പ്രസിഡന്റ് ഒബാമ തന്റെ തീരുമാനം അറിയിച്ചത്. ജനുവരി ആദ്യം ചേരുന്ന കോണ്‍ഗ്രസ്സ് ഈ വിഷയം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് പാസ്സാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ഡിസംബര്‍ 28 ശനിയാഴ്ചയാണ് തൊഴിലില്ലായ്മ വേതനകാലാവധി അവസാനിക്കുന്നത്. തുടര്‍ന്നും ഇത് ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം ആവശ്യമാണ്. ക്രിസ്തുമസ്-പുതുവത്സര ആഘോഷ സമയത്ത് തൊഴിലില്ലായ്മ വേതനം നിര്‍ത്തല്‍ ചെയ്യുന്നത് സാമ്പത്തിക തകര്‍ച്ച അനുഭവിക്കുന്ന കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് വലിച്ചിഴക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് മൂന്നുമാസം കൂടെ വേതനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്. തൊഴിലില്ലായ്മ വേതനം വാങ്ങി ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസിഡന്റിന്റെ ഈ ഉറച്ച നിലപാട് ആശ്വാസം നല്‍കും.
Comments