ആന്ത്രാക്‌സ് ബാധയെത്തുടര്‍ന്ന് ഛത്തിസ്‌ഗഡ് മൃഗശാലയില്‍ 22 പുള്ളിമാനുകള്‍ കൊല്ലപ്പെട്ടു. ഛത്തിസ്‌ഗഡിലെ കാനന്‍ പെന്‍ഡേരി മൃഗശാലയിലാണ് സംഭവം. ബേസില്ലസ് ആന്ത്രാസിസ് എന്ന ബാക്‌ടീരിയ മൂലമുണ്ടായ അണുബാധയാണ് മാനുകളുടെ മരണത്തിന് കാരണമെന്ന് പിസിസിഎഫ് രാം പ്രകാശ് പറഞ്ഞു. ബിലാസ്‌പൂര്‍ നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. ഈ അണുബാധയേറ്റ മാനുകളുടെ വയറ് ബലൂണു പോലെ വീര്‍ക്കുകയും വായില്‍ നിന്നും രക്തം പ്രവഹിക്കുകയും ചെയ്യും. നിലവില്‍ 53 പുള്ളിമാനുകളാണ് ഇവിടെയുള്ളത്.
ഇതില്‍ 18 ആണ്‍മാനുകളും 35 പെണ്‍മാനുകളുമാണുള്ളത്. ഇവിടെ ചത്ത മാനുകളെല്ലാം തന്നെ പെണ്‍മാനുകളാണ്. ആണ്‍മാനുകളെ അപേക്ഷിച്ച് ഇവക്ക് രോഗപ്രതിരോധശേഷ് കുറവായതിനാലാണ് ഇവ എളുപ്പം ചാകുന്നതെന്ന് രാം പ്രകാശ് പറഞ്ഞു. വായുവിലൂടെ പകരുന്നതിനാല്‍ ആന്ത്രാക്‌സ് ബാക്‌ടീരിയ വളരെ എളുപ്പത്തിലാണ് വ്യാപിക്കുക. അതു കൊണ്ടു തന്നെ അണുബാധ പകരാനും എളുപ്പമാണ്. അതു കൊണ്ടു തന്നെ നിലവില്‍ ചത്ത മാനുകളെ കത്തിക്കുന്നതിനു പകരം കുഴിച്ചിടുകയാണ് ചെയ്‌തിരിക്കുന്നത്. അന്തരീക്ഷത്തിലുണ്ടാകുന്ന നനവും അണുബാധ പകരാന്‍ കാരണമാകും . രണ്ടു ദിവസം മുമ്പ് ഇവിടെ കനത്ത മഴ പെയ്‌തിരുന്നു. അതും രോഗം പകരാന്‍ കാരണമായി. എങ്ങനെ ആന്ത്രാക്‌സ് അണുക്കള്‍ മൃഗശാലയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഇവിടെ അവശേഷിച്ച മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തേണ്ടതിനാല്‍ പത്തു ദിവസത്തേക്ക് മൃഗശാല അടച്ചിടാനാണ് തീരുമാനം.
Comments