17 വയസുള്ളപ്പോള്‍ വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി കൈയിലൊന്നുമില്ലാതെ നാടുവിട്ടതാണ് ചന്ദ സവേരി ബുവല്‍ക്ക എന്ന പെണ്‍കുട്ടി. ഇപ്പോള്‍ 30 വര്‍ഷത്തിനു ശേഷം തന്റെ 47ാം വയസില്‍ അവര്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. കോടീശ്വരിയായി. കൊല്‍ക്കത്തയിലെ യാഥാസ്ഥിതിക മര്‍വാരി കുടുംബത്തിലായിരുന്നു ചന്ദയുടെ ജനനം. മാതാപിതാക്കള്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി നാടു വിട്ട ചന്ദയുടെ ധൈര്യവും ആത്മ വിശ്വാസവുമാണ് ഇവരെ ഉയര്‍ച്ചയിലെത്തിച്ചത്. അമേരിക്കയിലെത്തി മോളിക്കുലാര്‍ ബയോളജിയില്‍ ബിരുദം സ്വന്തമാക്കിയ ശേഷമാണ് അവര്‍ ഒരു വ്യവസായ സംരംഭത്തിലേക്കു കടക്കുന്നത്.
ലോസ് ഏഞ്ചല്‍സില്‍ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും ഒരു കമ്പനി ആരംഭിക്കുന്നതോടെയാണ് അവരുടെ നല്ല കാലം ആരംഭിക്കുന്നത്. ചന്ദയുടെ ആക്‌ടിയോജന്‍ കോര്‍പ്പറേഷന്‍ എന്ന നിര്‍മാണക്കമ്പനി ഏഷ്യയിലെമ്പാടും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. കമ്പനി കൊല്‍ക്കത്തയിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായാണ് ചന്ദ ഇവിടെയെത്തുന്നത്. അമേരിക്കയിലെത്തിയ ചന്ദക്ക് ആദ്യം ലഭിച്ച ജോലി പ്രായമായ ഒരു സ്‌ത്രീയെ സംരക്ഷിക്കലായിരുന്നു, ആദ്യ ദിവസം രാത്രി തന്നെ അവര്‍ മരിച്ചതോടെ പണിയും പോയി. രണ്ടാമത് അനങ്ങാനാവാതെ കിടക്കുന്ന മറ്റൊരു സ്‌ത്രീയുടെ സംരക്ഷണം ഏറ്റെടുത്തു.
അവിടെ വെച്ചാണ് ജീവിതത്തോട് പൊരുതാന്‍ ചന്ദ തീരുമാനമെടുക്കുന്നത്. പിന്നീട് പഠനം ആരംഭിച്ചു. അതിനിടെ തന്നെ ബാധിച്ച ലുക്കീമിയയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. സ്വന്തമായി വികസിപ്പിച്ചെടുത്ത സൗന്ദര്യ വര്‍ദ്ധകവസ്‌തു വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഫണ്ട് ലഭിച്ചതോടെ ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് തുടങ്ങിയ ആ വ്യവസായം ഇന്ന് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നു. ഇന്ന് ആക്‌ടിയോജന്‍ കോര്‍പ്പറേഷനില്‍ ഗവേഷണത്തിന്റെ തലവന്‍ കൂടിയാണ് ചന്ദ. അവരെ സഹായിക്കാന്‍ 20 പേരുണ്ട്. കൊല്‍ക്കത്തയിലെത്തിയ ചന്ദ പറയുന്നത് ഇനി ഓരോ മൂന്നു മാസവും കൂടുമ്പോള്‍ മുടങ്ങാതെ താനിവിടെയെത്തും എന്നാണ്.
Comments