ഫ്‌ളോറിഡ : സ്‌ക്കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു വരികയായിരുന്ന 9 വയസ്സുള്ള ജിമ്മി എന്ന വിദ്യാര്‍ത്ഥിയെ തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 46 വയസ്സുള്ള ചാവസിന്റെ വധശിക്ഷ ഫെബ്രുവരി 12 ബുധനാഴ്ച രാത്രി ഫ്‌ളോറിഡാ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി.
18 വര്‍ഷം മുമ്പ് 1995 ലാണ് ഫ്‌ളോറിഡാ സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്.
പ്രതിയുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച കുട്ടിയെ പുറകില്‍ നിന്നു വെടിവെച്ചു വധിച്ചശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി അടുക്കള കോണ്‍ക്രീറ്റ് സ്ലാനപുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു.
മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിതാമസിച്ചിരുന്ന ട്രെയ്‌ലര്‍ ഹോമില്‍ നിന്നും വിദ്യാര്‍ത്ഥിയുടെ ബാക്ക് പേക്ക് കണ്ടെടുത്തതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തട്ടികൊണ്ടുപോകല്‍, ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതിനെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ചു.
ഫെബ്രുവരി 12, 6മണിക്കായിരുന്നു വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ ഫ്‌ളോറിഡാ സുപ്രീം കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസ്. സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന അപേക്ഷ വൈകീട്ട് 6 മണിവരെ തീരുമാനമാകാതിരുന്നത് പ്രിസനു ചുറ്റും കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരേയും, അധികാരികളേയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തി.
ഇന്ന് വൈകീട്ട് 7.20നാണ് യു.എസ്. സുപ്രീം കോടതിയുടെ അനുമതി ജയിലധികൃതര്‍ക്ക് ലഭിച്ചത്. വിധി ലഭിച്ച് മിനിട്ടുകള്‍ക്കകം വധശിക്ഷ നടപ്പാക്കി. 8.17 ന് മരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് വിഭവസമൃദ്ധമായ ഭക്ഷണമാണ് പ്രതി ആവശ്യപ്പെട്ടത്. സിരകളിലേക്ക് പ്രവഹിക്കുന്ന വിഷത്തെകുറിച്ചു പ്രതി കോടതിയില്‍ പരാതി ഉന്നയിച്ചിരുന്നുവെങ്കിലും തള്ളപ്പെട്ടു.
Comments