ദാ... വധു വരുന്നൂ, പിഞ്ചുകുഞ്ഞിനെ ഗൗണില്‍ കെട്ടിയിട്ട്... ഷോണാ ബ്രൂക്സിന്റെ വിവാഹം വിവാദമായി
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Friday, June 06, 2014 10:21 hrs UTC
ലില്ലി പുഷ്പങ്ങള്‍ വെണ്മ പകര്‍ന്ന ടെന്നസിയിലെ റിപ്ലി ഏലം ബാപ്റ്റിസ്റ്റ് ദേവാലയത്തിനുള്ളില്‍ നിലത്തിഴയുന്ന വിവാഹഗൗണുമായി ഷോണാ കാര്‍ട്ടര്‍ ബ്രൂക്സ് മെല്ലെ നടന്നു നീങ്ങി. അവളുടെ, ഞൊറിവുകളിട്ടലങ്കരിച്ച തൂവെള്ള ഗൗണിനറ്റത്തെ പൗച്ചില്‍ കിടന്ന് ഒരു മാസം പ്രായമായ പിഞ്ചുകുഞ്ഞ് കൈകാലുകളിളക്കി കളിക്കുന്നുണ്ടായിരുന്നു. മംഗളഗാനങ്ങളും പ്രാര്‍ഥനാ ഗീതികളും ഉയരവെ, പരിശുദ്ധമായ അള്‍ത്താരയ്ക്കരികില്‍ ജോനാഥന് ബ്രൂക്സ്, ഷോണയ്ക്ക് മിന്നു ചാര്‍ത്തി. എല്ലാറ്റിനും സാക്ഷിയായി കൊച്ചു ബ്രൂക്സ് മാലാഖ കുഞ്ഞിനെപ്പോലെ കിടന്നിരുന്നു, ഷോണയുടെ ഗൗണിന്നറ്റത്ത്. ഷോണയുടെ വിവാഹം ലോകമെങ്ങും ചര്‍ച്ചയായി. പിഞ്ചുകുഞ്ഞിനെ വലിച്ചിഴച്ച ഷോണ ഫേസ്ബുക്കിലൂടെ പഴികളേറെ കേട്ടു.
''വിവാഹഗൗണില്‍ ഫാഷനൊരുക്കി ശ്രദ്ധിക്കപ്പെടാന്‍ പിഞ്ചുകുഞ്ഞിനെ തന്നെ കെട്ടിവലിച്ചുകൊണ്ടു നടക്കണമായിരുന്നോ.'' ഷോണാ കാര്‍ട്ടര്‍ ബ്രൂക്സിനോട് ലോകം മുഴുവന്‍ ചോദിക്കുന്നതിതാണ്. ''ആളുകള്‍ എല്ലാം നെഗറ്റീവായി കാണുന്നതാണ് പ്രശ്നം. കുഞ്ഞിന് ഒരു പ്രശ്നവുമുണ്ടായില്ല. എന്റെ ഗൗണിനുള്ളില്‍ അവള് സന്തോഷവതിയായിരുന്നു. സുരക്ഷിതയും. ക്രിസ്തു ഞങ്ങള്ക്കൊപ്പമുള്ളതുകൊണ്ട് ഒരു കുഴപ്പവുമുണ്ടായില്ല'. വിമര്‍ശനങ്ങളെ തള്ളി ഷോണ്‍ പറയുന്നു. അപകടകരം, ലജ്ജാകരം എന്നാണ് ഷോണയുടെ നടപടി ഫേസ്ബുക്കില്‍ വിശേഷിപ്പിക്കപ്പെട്ടത്. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ഓടിച്ചെന്ന് ആ കുഞ്ഞിനെ എടുത്തേനെ എന്നു പറഞ്ഞവരുമുണ്ട്. കുഞ്ഞിന്റെ പടം കണ്ട് ചിലരൊക്കെ ഫേസ്ബുക്കില്‍ കലിതുള്ളുന്നുണ്ടായിരുന്നു.
Comments