You are Here : Home / Readers Choice

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് വധശിക്ഷ വിധിച്ചു

Text Size  

Story Dated: Saturday, November 22, 2014 11:34 hrs UTC


പെന്‍സില്‍വാനിയ. എച്ച്വണ്‍ വിസയിലാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്. ഇവിടെ ചൂതുകളിയില്‍ ആകൃഷ്ടനായ യുവാവ് സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തി. കൂട്ടുകാര്‍ പലരില്‍ നിന്നായി പണം കടം വാങ്ങി. ഒടുവില്‍ പാപ്പരായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. പണം ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാതായ രഘുനന്ദന്‍ കണ്ടെത്തിയത് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുടുംബ സുഹൃത്തുക്കളായ ദമ്പതിമാരുടെ 10 മാസമുളള കുട്ടിയെ തട്ടികൊണ്ടുപോയി 50,000 ഡോളര്‍ മോചന ദ്രവ്യം നേടുക എന്നതായിരുന്നു.

കുട്ടിയെ പരിചരിക്കുന്നതിനായിരുന്നു ആന്ധ്രായില്‍ നിന്നും 61 വയസുളള മാതാവ് ഇവിടെ എത്തിയത്. വീട്ടില്‍ കുട്ടിയെ കുളിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രഘുനന്ദന്‍ പ്രത്യക്ഷപ്പെട്ടത്. കുട്ടിയെ തട്ടിയെടുക്കുന്നതിനുളള ശ്രമം തടയുന്നതിനിടയില്‍ ഇവര്‍ കുത്തേറ്റു മരിച്ചു. വാവിട്ട് നിലവിളിച്ച കുട്ടിയുടെ മുഖം തുണി കൊണ്ട് മൂടി കെട്ടി സ്യൂട്ട് കെയ്സില്‍ വച്ചു. 50,000 ഡോളറുമായി എന്നെ വന്നു കാണണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കുറിപ്പും എഴുതിവെച്ചാണ് പ്രതി സ്ഥലം വിട്ടത്.

മൂന്ന് ദിവസത്തിനുശേഷം രഘുനന്ദന്‍ പൊലീസ് പിടിയിലായി. കുറ്റസമ്മതം നടത്തി. കുട്ടിയുടെ മൃതശരീരം പൊലീസ് കണ്ടെത്തുകയും ചെയ്തു.

തൊട്ടടുത്ത് താമസിപ്പിച്ചിരുന്ന പ്രതിയുടെ ഗര്‍ഭിണിയായ ഭാര്യയുമായി അടുത്ത ബന്ധമായിരുന്നു മരിച്ചവരുടെ കുടുംബത്തിന്. പ്രതിയുടെ ഭാര്യയെ ഒരു സഹോദരി എന്ന നിലയിലാണ് കണ്ടിരുന്നതെന്ന് കേസിന്‍െറ വിചാരണയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു.

സെപ്റ്റംബറില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നവംബര്‍ 20 നായിരുന്നു മോണ്ട് ഗോമറി കൌണ്ടി, ജഡ്ജി സ്റ്റീവല്‍ ഒ. നീല്‍ വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് വിധിച്ചത്.

രഘുവിന്‍െറ മാതാവ് ഇന്ത്യയില്‍ നിന്നും എത്തി മകന്‍ മാനസിക രോഗിയായിരുന്നു എന്ന് തെളിയിക്കുവാന്‍ ശ്രമിച്ചതു കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഈ കേസിന്‍െറ വിധി പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.