ന്യൂജഴ്സി . പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരണ മടഞ്ഞ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഗീത അങ്കാരയുടെ കേസ് പുനഃപരിശോധിക്കണമെന്ന് ഗീതയുടെ മൂത്ത മകളും സ്റ്റേറ്റ് ഡപ്യൂട്ടി ജനറലുമായ പവിത്ര ആവശ്യപ്പെട്ടു.
2005 ഫെബ്രുവരി 8 ന് വീട്ടില്‍ നിന്നും ജോലി സ്ഥലത്ത് എത്തിയ ഗീത രാവിലെ പത്ത് മണിയോടെ അപ്രത്യക്ഷമാവുകയായിരുന്നു. മുപ്പത് മണിക്കൂറുകള്‍ക്കുശേഷം ജോലി സ്ഥലത്തെ 35 അടി താഴ്ചയുളള ന്യൂജഴ്സി വാട്ടര്‍ ട്രീറ്റ്മെന്റ് ടാങ്കില്‍ വികൃതമായ ഗീതയുടെ മൃതദേഹം മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തി. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസില്‍ അന്വേഷണ വഴിമുട്ടി നില്‍ക്കുകയാണ്.
മൂന്ന് മക്കളുടെ മാതാവും ഉത്തമ കുടുംബിനിയുമായ ഗീതയെ സഹപ്രവര്‍ത്തകര്‍ ആരോ കൊലപ്പെടുത്തിയിരിക്കാമെന്നാണ് ഓട്ടോപ്സി റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരിക്കുന്നത്. മൃതദേഹത്തിന്‍െറ കഴുത്തിലും കൈ മുട്ടുകളിലും ഉണ്ടായിരുന്ന ക്ഷതം ഇതിന് തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് സെനറ്റര്‍ ജൊ കൈറിലോസ് സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിനോട് അഭ്യര്‍ത്ഥിച്ചു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സാക്ഷികളേയും സഹപ്രവര്‍ത്തകരേയും വീണ്ടും ചോദ്യം ചെയ്യണമെന്നും സെനറ്റര്‍ ആവശ്യപ്പെട്ടു.
ചെന്നൈയില്‍ നിന്നുളള ഗീത ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയതിനുശേഷം വാട്ടര്‍ കമ്മീഷണില്‍ ഉദ്യോഗം സ്വീകരിച്ചു. ഗീതയുടെ കഴിവുകള്‍ക്ക് അംഗീകാരമായി സീനിയര്‍ കെമിസ്റ്റായി ഉദ്യോഗ കയറ്റം ലഭിച്ചത് സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
Comments