കണക്റ്റിക്കട്ട് . കണക്റ്റിക്കട്ട് കോളേജ് ഹ്യൂമണ്‍ ഡവലപ്പ്മെന്റ് ഡിപ്പാര്‍ട്ട് മെന്റ് അധ്യക്ഷനും ഹൂമണ്‍ ഡവലപ്മെന്റ് പ്രൊഫസറുമായ ഇന്ത്യന്‍ വംശജന്‍ സുനില്‍ ബാട്ടിയായെ 2015 ഇന്റര്‍ നാഷണല്‍ ഹൂമേനിറ്റേറിയന്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തു. ഓഗസ്റ്റില്‍ ടൊറന്റോയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍വെച്ചു സുനില്‍ ബാട്ടിയായ്ക്ക് അവാര്‍ഡ് നല്‍കും.
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.
പൂനയില്‍ ജനിച്ചു വളര്‍ന്ന സുനില്‍ കോളേജിലേക്കു ബൈക്കില്‍ പോകുമ്പോള്‍ രണ്ട് ഗ്രാമങ്ങള്‍ പിന്നിടണമായിരുന്നു. അവിടെ ജീവിച്ചിരുന്ന നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് ശൌച്യാലയങ്ങള്‍ ഇല്ലായിരുന്നു. വെളിമ്പ്രദേശത്ത് അത്യാവശ്യ കാര്യങ്ങള്‍ പോലും നിവര്‍ത്തിച്ചിരുന്നത്. ഈ അനുഭവം സുനിലിന്‍െറ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു.
പൂനയിലെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ സുനില്‍ ഇന്ത്യയിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ചു ഇന്ത്യന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുളള ശ്രമമാരംഭിച്ചു. ഫ്രണ്ട്സ് ഓഫ് ഷെല്‍ട്ടര്‍ അസോസിയേറ്റ്സ് എന്ന ഒരു സംഘടന രൂപീകരിച്ചു പൂനയിലും പരിസര ഗ്രാമങ്ങളിലും മൂവായിരത്തോളം ജനങ്ങള്‍ക്ക് ആവശ്യമായ 600 ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി. സാധാരണക്കാര്‍ക്കിടയില്‍ നടത്തുന്ന വിശ്രമ രഹിത പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് സുനിലിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
Comments