ലൂസിയാന∙ ലൂസിയാന യൂണിവേഴ്സിറ്റി ഫിസിക്സ് ആൻഡ് അസ്ട്രോണമി ഡിപ്പാർട്ട്മെന്റിലെ ഇന്ത്യൻ വിദ്യാർഥികളായ ഇഷ്റ്റ മേയ്റ്റി (28), ഏന്റൺ ജൊ(25) എന്നിവരുടെ മുങ്ങി മരണം സ്വഭാവീകമാണെന്ന് ബേറ്റൺ റഗെ പൊലീസ് വക്താവ് കോർപൽ ഡോൺ കൊപ്പൊള ജൂനിയർ പറഞ്ഞു. ഏപ്രിൽ 26 നാണ് കേംബ്രിഡ്ജ് വെസ്റ്റ് അപ്പാർട്ട്മെന്റിലെ പൂളിൽ ഇരുവരും മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. നീന്തൽ വശമുണ്ടായിരുന്ന മേയ്റ്റിയും, ജോയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അസാമാന്യ ബുദ്ധി ശക്തിക്കുടമകളായിരുന്നുവെന്നും സഹപാഠികൾ പറയുന്നു. പൂളിൽ നിന്നും കരയ്ക്കെടുത്തപ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു. അല്പ സമയത്തിനുളളിൽ ഹൃദയ മിടിപ്പ് സാധാരണ നിലയിൽ എത്തിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. അപകടത്തിൽ മുങ്ങി മരിച്ചതാകാമെന്ന് ആട്ടോപ്സി നടത്തിയ പാരീഷ് കൊറോണർ ഡോ. ബ്യു ക്ലാർക്ക് പറഞ്ഞു. ആഴ്ചകൾക്കുശേഷം ടോക്സിക്കോളജി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സിസ്റ്റത്തിനകത്ത് മയക്കുമരുന്നോ മദ്യമോ ഉണ്ടെന്ന് പറയാനാകൂ. ഡോക്ടർ കൂട്ടി ചേർത്തു.
മേയ്റ്റിയും ജോയും ബിരുദ പഠനം പൂർത്തിയാക്കി ഡോക്ടറേറ്റ് ബിരുദ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണമടഞ്ഞത്. മേയ്റ്റിക്ക് നീന്തൽ അറിയാമായിരുന്നിട്ടും നീന്തൽ കുളത്തിൽ എങ്ങനെ മരണം സംഭവിച്ചു എന്നതിനു ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അമേരിക്കയിൽ പഠനം നടത്തുന്ന ചില ഇന്ത്യൻ വിദ്യാർഥികൾ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും, പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുന്നു.
Comments