ഫ്ലോറിഡ∙ വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതിയെ അമ്പത്തിയാറ് വർഷങ്ങൾക്കുശേഷം ഫ്ലോറിഡായിലെ മെൽബണിലുളള വസതിയിൽ നിന്നും മെയ് 4 തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഒഹായോയിൽ 1957 ലാണ് സംഭവം നടന്നത്. ശിക്ഷാ കാലാവധി ആരംഭിച്ചതിനുശേഷം ജയിലിൽ മാതൃകപരമായി പെരുമാറിയിരുന്നു ഫ്രാങ്ക് ഫ്രെഷ് വാട്ടേഴ്സ് എന്ന പ്രതിയെ 1959 ൽ സാന്റൻ സ്ക്കി ഹണർ ഫാമിലേക്ക് മാറ്റി. കാര്യമായ സുരക്ഷ സന്നാഹമില്ലാതിരുന്ന ഇവിടെ നിന്നും 1959 സെപ്റ്റംബർ 30 നാണ് പ്രതി രക്ഷപ്പെട്ടത്. വില്യം ഹറോൾഡ് കോക്സ് എന്ന പുതിയ പേർ സ്വീകരിച്ച് ഫ്ലോറിഡായിൽ കഴിഞ്ഞിരുന്ന 79 വയസ് പ്രായമുളള പ്രതിയെ എതിർപ്പുകളൊന്നും ഇല്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടനെ പ്രതി കുറ്റം സമ്മതിക്കുകയും യഥാർത്ഥ പേർ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഫ്ലോറിഡ ജയിലിലേക്ക് കൊണ്ടു പോയി. ജയിലിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ ശാന്തമായി ഉറങ്ങാൻ അനുവദിക്കുകയില്ല. അവരെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുക തന്നെ ചെയ്യും. അറസ്റ്റിന് സൂത്രധാരത്വം വഹിച്ച നോർത്ത് ഒഹായൊ യുഎസ് മാർഷൽ പീറ്റ് എലിയറ്റ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് പ്രതിയെ കുറിച്ചുളള സൂചനകൾ പൊലീസിന് ലഭിച്ചത്. കേസിന്റെ വിചാരണ ഒഹായൊവിൽ തുടരുമെന്നും എലിയറ്റ് സൂചിപ്പിച്ചു.
Comments