മിഷിഗണ്‍: താടിയെല്ലിന് അനുഭവപ്പെട്ട വേദനക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിംലനയ്യാര് എന്ന 81 വയസ്സുള്ള ഇന്ത്യന്‍ മാതാവിന് തെറ്റായി തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വയന്‍ കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജൂറി മെയ് 6ന് വിധിയെഴുതി. ഇത്രയും വലിയ സംഖ്യ നഷ്ടപരിഹാരം നല്കുന്ന ആദ്യ സംഭവമാണിത്.ആശുപത്രിയില്‍ എത്തിയ നയ്യാറിന് സി.ടി. സ്കാന്‍ നടത്തിയിരുന്നു. മറ്റേതോ രോഗിയുടെ സി.ടി.സ്കാനുമായി മാറിപോയതാണ് തലച്ചോറില്‍ ശസ്ത്രക്രിയ നടത്താനിടയായത്. തലച്ചോറിനകത്തെ ബഌഡിങ്ങ് കണ്ടെത്തിയ സി.ടി. സ്കാന്‍ നയ്യാറുടേതായി തെറ്റിദ്ധരിച്ചതാണ് ഡോക്ടര്‍മാര്‍ക്ക് പറ്റിയ അപകടം.ശ്സ്ത്രക്രിയക്ക് ശേഷം 60 ദിവസത്തിനകം നയ്യാര്‍ മരിച്ചു. ആദ്യം ആശുപത്രി അധികൃതര്‍ തെറ്റു സമ്മതിക്കാന്‍ തയ്യാറാകാതിരിക്കുകയും, രേഖകളില്‍ കൃത്രിമം നടത്തുകയും ചെയ്തുവെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.ഭര്‍ത്താവും ഒരു മകനും, രണ്ടു പെണ്മക്കളും അടങ്ങിയതാണ് ഇവരുടെ കുടുംബം. മരണാനന്തരം ഇവരുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുകയായിരുന്നു.സര്‍ക്യൂട്ട് കോര്‍ട്ട് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി അധികൃതര്‍.
Comments