ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചില്‍ഡ്രന്‍സ് മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ മാരകമായ രോഗത്തിന്റെ പിടിയിലമര്‍ന്ന് മരണാസന്നയായി കഴിയുന്ന പാക്കിസ്ഥാന്‍ യുവതിയുടെ മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം നവം.25 ബുധനാഴ്ച സഫലീകൃതമായി. പതിനെട്ടുവയസ്സുള്ള യുവതിയുടെ സഹായഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയായിലൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ സഹായഹസ്തവുമായി മുന്നോട്ടു വന്നവര്‍ നിരവധിയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ മതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് ക്വിര്‍ട്ട് ചപ്ര(Qirat Chapra). മാതാപിതാക്കള്‍ക്ക് സന്ദര്‍ശന കാലാവധി പൂര്‍ത്തിയാക്കി മടങ്ങേണ്ടിവന്നപ്പോള്‍ ജനനം കൊണ്ട് അമേരിക്കന്‍ പൗരത്വം ലഭിച്ച കുഞ്ഞിന് അഭയം നല്‍കിയത് ആന്റിയായിരുന്നു. കുഞ്ഞിനെ കാണുന്നതിന് മാതാപിതാക്കള്‍ പലതവണ അമേരിക്കന്‍ വിസക്ക് വേണ്ടി അപേക്ഷിച്ചുവെങ്കിലും അനുവദിച്ചില്ല. ഇതിനിടെ രോഗബാധിതയായി കഴിഞ്ഞിരുന്നു ക്വിര്‍ട്ട്. ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ഇമ്മിഗ്രേഷന്‍ അറ്റോര്‍ണി ഗോര്‍ഡനും, കോണ്‍ഗ്രസുമാന്‍ ജോണ്‍ കല്‍ബേഴ്‌സനും പരിശ്രമിച്ചതിന്റെ ഫലമായാണ് മകളെ കാണുന്നതിനുള്ള വിസ അനുവദിച്ചത്. താങ്ക്‌സ് ഗിവിങ്ങിന് ലഭിച്ച വലിയ സമ്മാനമാണിതെന്ന് ആന്റി നീലം ഖന്‍ജി പറഞ്ഞു. മാരകമായ രോഗത്തിന്റെ വേദന അറിയാതിരിക്കുന്നതിന് നല്‍കിയ സെഡേഷനില്‍ മയങ്ങികിടക്കുന്ന ക്വിര്‍ട്ടിനെ സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ ഇടതുകരം അനക്കുകയും, സന്തോഷാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തതായി ആന്റി പറഞ്ഞു. ഈ ശനിയാഴ്ചയോടെ മാതാപിതാക്കള്‍ ഹൂസ്റ്റണില്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതിയെ സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ആത്മസംതൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസ്മാനും കൂട്ടിചേര്‍ത്തു.
Comments