ന്യൂജഴ്സി ∙ 2013 ൽ മിസ് ന്യൂജഴ്സിയായി തിരഞ്ഞെടുക്കപ്പെടുകയും 2014 ൽ മിസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത കാറ മെക്കാളൻ (Cara Macallom–24) തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഫെബ്രുവരി 15 നുണ്ടായ കാറപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കാറ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു. പിറ്റ്സ് ട്രേഡ് ടൗൺഷിപ്പ് റൂട്ട് 55 ലൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ, റോഡിൽ നിന്നും തെന്നിമാറി മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ് പൊലീസ് റിപ്പോർട്ട്. അമിത വേഗതയും അപകടത്തിന് കാരണമായി ചൂണ്ടി കാട്ടുന്നു. അർക്കൻസാസിൽ നിന്നും വലഡിക്ടോറിയനായിട്ടാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചത്. തുടർന്ന് പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും 2015 ൽ ബിരുദമെടുത്തു. 100 വയസുവരെ ജീവിച്ചിരുന്നാലും ചെയ്തുതീർക്കാനാവാത്ത കാര്യങ്ങളാണ് 24 വയസിനുളളിൽ മെക്കാളൻ പൂർത്തീകരിച്ചതെന്ന് മുൻ ന്യുയോർക്ക് അസംബ്ലി അംഗം കാരളിൻ കാസ ഗ്രനേഡ് പറഞ്ഞു. മിസ് ന്യൂജഴ്സിയുടെ അപ്രതീക്ഷിത ദേഹ വിയോഗത്തിൽ ന്യൂജഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി, സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റ് സ്റ്റീഫൻ സ്വീനി എന്നിവർ മെക്കാളിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
Comments