സെന്റ് ലൂയിസ് ∙ ബേബി ടാൽകം പൗഡറും ഷവർ റുഷവറും വർഷങ്ങളോളം ഉപയോഗിച്ചതിനാൽ ഓവേറിയൻ കാൻസർ ബാധിച്ചു മരിക്കാനിടയായ രോഗിയുടെ കുടുംബത്തിന് ജോൺസൺ ആന്റ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഫെബ്രുവരി 22 തിങ്കളാഴ്ച സെന്റ് ലൂയിസ് സർക്യൂട്ട് കോടതി ജൂറി വിധിച്ചു. അമേരിക്കൻ ജൂറി ആദ്യമായാണ് ജോൺസൺ ആന്റ് ജോൺസൺ കമ്പനി ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ടാൽകം പൗഡർ ഉപയോഗിക്കുന്നതു കാൻസർ രോഗം വരുന്നതിനിടയാകുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാണിച്ചു നൂറുകണക്കിന് നഷ്ടപരിഹാര കേസുകളാണ് നിലവിലുളളത്. അലബാമയിൽ നിന്നുളളത് ജാക്വിലിൻ ഫോക്സ് 35 വർഷം തുടർച്ചയായി ഈ പൗഡർ ഉപയോഗിച്ചിരുന്നു. മൂന്നു വർഷം മുമ്പാണ് ഇവർക്ക് ഒവേറിയൻ കാൻസർ രോഗം ഉണ്ടെന്നു കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ 65–ാം വയസിൽ ഫോക്സ് മരിച്ചു. കൃത്രിമം, അശ്രദ്ധ, ഗൂഢാലോചന എന്നീ മൂന്നു കാര്യങ്ങളാണ് ഫോക്സ് കുടുംബം ജോൺസൺ കമ്പനിക്കെതിരെ ചൂണ്ടിക്കാട്ടിയത്. മൂന്നാഴ്ച നീണ്ടു നിന്ന വിസ്താരത്തിനു ശേഷം ജൂറി വിധി പറയുന്നതിന് 4 മണിക്കൂറാണെടുത്തത്.
Comments