കലിഫോർണിയ ∙ അമേരിക്കയിലെ ഇന്ത്യാക്കാരുടെ കൈവശം സൂക്ഷിച്ചിരുന്ന അഞ്ചൂറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ മാറ്റി എടുക്കുന്നതിനുളള അവസരം നിഷേധിക്കുന്നതായി വ്യാപക പരാതി ഉയർന്നു. അമേരിക്കയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളിൽ ഇന്ത്യൻ രൂപയുമായി എത്തിയവരാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് നോട്ട് മാറ്റിയെടുക്കുന്നതിനുളള സമയ പരിധി ഡിസംബർ 30 വരെ അനുവദിച്ചിരിക്കെ ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യൻ ബാങ്കുകൾ നിഷേധിച്ചത് നീതിക്ക് നിരക്കാത്തതാണ്. മണി എക്സ്ചേയ്ഞ്ച് സെന്ററുകളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചിരുന്നത് പൂർണ്ണമായും നിർത്തലാക്കിയിട്ടുണ്ട്. പ്രധാന ബാങ്കുകളിലൊന്നായ വെൽസ് ഫർഗോ ബാങ്കും ഇന്ത്യൻ രൂപ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശമുളള നോട്ടുകൾ മാറ്റണമെങ്കിൽ ഇന്ത്യയിൽ പോകണമെന്ന് സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നോട്ട് റദ്ദാക്കൽ നപടിയെ സ്വാഗതം ചെയ്തവർപോലും ഇപ്പോൾ പ്രതിഷേധവുമായി രംഗത്തുണ്ട്. അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയാൽ അത്യാവശ്യ ചിലവിന് ഒരു ലക്ഷത്തിലധികം രൂപ കൈവശം വച്ചവരാണ് കെണിയിലകപ്പെട്ടിരിക്കുന്നത്.
Comments