സാൻ അന്റോണിയോ∙ പന്ത്രണ്ട് അടി താഴ്ചയുള്ള സിങ്ക് ഹോളിൽപ്പെട്ടു കാറിൽ യാത്ര ചെയ്തിരുന്ന ഡോറ ലിന്റാ (68) എന്ന റിസർവ് ഡെപ്യൂട്ടി മരിച്ചു. രണ്ട് കാറുകളാണ് റോഡിന്റെ മധ്യത്തിൽ അപ്രതീക്ഷിതമായുണ്ടായ ഗർത്തത്തിലേക്ക് പതിച്ചത്. ഡിസംബർ 4 ഞായറാഴ്ച ഉച്ചയ്ക്കുശേഷം സാൻ അന്റോണിയായിലായിരുന്നു സംഭവം. 12 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ ഗർത്തത്തിൽ നിന്നും വാഹനങ്ങൾ പുറത്തെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് സാൻ അന്റോണിയൊ ഫയർ ചീഫ് ചാൾസ് ഹുഡ് പറഞ്ഞു. റോഡിനടിയിലൂടെ മലിന ജലം പോയിരുന്ന പൈപ്പ് പൊട്ടിയതാകാം ഗർത്തം ഉണ്ടാകുവാൻ ഇടയാക്കിയതെന്ന് ചീഫ് പറഞ്ഞു. വെള്ളത്തിൽ വീണ കാറിലെ മറ്റൊരു യാത്രക്കാരനെ രക്ഷിക്കുവാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ടെക്സസിൽ ഇത്തരം സംഭവഹങ്ങൾ വളരെ വിരളമായിട്ടേ സംഭവിച്ചിട്ടുള്ളൂ എന്ന് പൊലീസ് ചീഫ് കൂട്ടിച്ചേർത്തു. 2009 മുതൽ റിസർവ് ഡെപ്യൂട്ടിയായി സേവനം അനുഷ്ഠിക്കുന്ന ഡോറ ലിന്റയുടെ നിര്യാണത്തിൽ ബെക്സർ കൗണ്ടി ഷെറിഫ് ഓഫിസ് അനുശോചിച്ചു.
Comments