വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27 ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് വേദനാ ജനകമാണെന്ന് നോബല്‍ സമ്മാന ജേതാവും പാക്കിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട, ലോകം ആദരിക്കുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ മലാല യൂസഫ്‌സി അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങളില്‍ നിന്നും യുദ്ധ ഭൂമിയില്‍ നിന്നും പ്രാണ രക്ഷാര്‍ത്ഥം പാലായനം ചെയ്യുന്ന മാതാപിതാക്കളേയും കുട്ടികളേയും അഭയാര്‍ത്ഥികളായി സ്വീകരിക്കുകയില്ല എന്ന വാര്‍ത്ത വളരെ വേദനയോടെയാണ് ശ്രവിച്ചതെന്ന് മലാലയുടെ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷമായി യുദ്ധ കെടുതിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നല്കിയിരുന്ന സംരക്ഷണം നിര്‍ത്തല്‍ ചെയ്യുന്നത് അമേരിക്കയുടെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ജാതി, മത വ്യത്യാസമില്ലാതെ 120 ദിവസത്തേക്ക് അഭയാര്‍ത്ഥികളായി ആരേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുകയില്ല എന്ന ട്രംപിന്റെ ഉത്തരവ് റാഡിക്കല്‍ ഇസ്‌ലാമിക് ഭീകരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. മലാലയുടെ അഭിപ്രായ പ്രകടനത്തിനെക്കുറിച്ചു പ്രതികരിക്കുവാന്‍ ട്രംപ് വിസമ്മതിച്ചു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുന്നതിലൂടെ ട്രംപിനെ വോട്ട് ചെയ്ത് വിജയിപ്പിച്ച അമേരിക്കന്‍ പൗരന്മാരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തല്ല എന്ന് കൂടെ തെളിയിക്കപ്പെടുകയാണ്.
Comments