ഡാലസ്: പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച ട്രാവല്‍ ബാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരോധിത മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ വന്നിറങ്ങിയ 9 പേരെ തടഞ്ഞുവച്ച നടപടി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ ഇടപ്പെട്ട് റദ്ദാക്കി. ഒന്‍പതു പേരേയും ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചതായി ഡാലസ് മേയര്‍ റോളിംഗ്‌സ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനിടെ ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചുകൊണ്ട് ടെക്‌സസ് കണ്‍ഗ്രേഷണല്‍ ഡിസ്ട്രിക്റ്റിലെ പ്രതിനിധി പീറ്റ് സെഷന്‍സ് രംഗത്തെത്തി. അമേരിക്കന്‍ പൗരന്മാരുടേയും രാജ്യത്തിന്റേയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ഇതിന്റെ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപിനുണ്ടെന്നും പീറ്റ് പറഞ്ഞു. 2011 ല്‍ പ്രസിഡന്റ് ഒബാമ റഫ്യൂജി പ്രോഗ്രാം ആറ് മാസത്തേക്ക് തടഞ്ഞുവച്ചപ്പോള്‍ പ്രതിഷേധിക്കാതിരുന്നവര്‍, ട്രംപിന്റെ 90 ദിവസത്തേക്കുള്ള നിരോധനത്തെ എതിര്‍ക്കുന്നതു വിചിത്രമാണെന്ന് പീറ്റ് പ്രസ്താവനയില്‍ തുടര്‍ന്നറിയിച്ചു. ടെക്‌സസില്‍ നിന്നുള്ള മറ്റൊരു പ്രതിനിധിയായ റോജര്‍ വില്യംസും ട്രംപിന്റെ തീരുമാനത്തെ ശക്തിയായി ന്യായികരിച്ചു. താല്കാലിക നിരോധനം നിലവിലിരിക്കുന്ന 90 ദിവസത്തിനുള്ളില്‍ ഇമ്മിഗ്രേഷന്‍ നടപടികള്‍ കുറ്റമറ്റതാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമെന്നും റോജര്‍ പറഞ്ഞു.
Comments