വാഷിങ്ടന്‍: ദേവാലയങ്ങളിലെ പുള്‍പിറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രചരണം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നത് പൂര്‍ണ്ണമായും എടുത്തുമാറ്റുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ പ്രഭാത ഭക്ഷണത്തിനു എത്തിച്ചേര്‍ന്ന മതനേതാക്കളുടെ സാന്നിധ്യത്തിലാണ് ട്രംപ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. 501(C)(3) ആക്ട് അനുസരിച്ചു ടാക്‌സ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ട ദേവാലയങ്ങള്‍, ചാരിറ്റി സംഘടനകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ രാഷ്ട്രീയ പ്രചരണത്തിനു വേദിയാക്കിയാല്‍ ടാക്‌സ് ഇളവ് ആനുകൂല്യങ്ങള്‍ എടുത്തു മാറ്റുമെന്ന് ഇന്റേണല്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രസിഡന്റ് ലിന്‍ഡന്‍ ബി.ജോണ്‍സന്റെ കാലഘട്ടത്തില്‍ നിലവില്‍ വന്ന ഈ നിയമം ജോണ്‍സന്‍ അമന്റ്‌മെന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. മതസ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും ഈ നിയമം എതിരാണെന്ന് വിവിധ റിലിജിയസ് ഫ്രീഡം ഗ്രൂപ്പുകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ ജോണ്‍സന്‍ അമന്റ്‌മെന്റ് അപ്പീല്‍ ചെയ്യുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. ട്രംപിന്റെ പുതിയ തീരുമാനത്തെ മതനേതാക്കന്മാര്‍ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments