വാഷിങ്ടൻ ∙ മുൻ ഇന്ത്യൻ അമേരിക്കൻ സിഐഎ ഏജന്റ് സബ്രീന ഡിസൂസയെ പോർച്ചുഗൽ ജയിലിൽ നിന്നും പ്രസിഡന്റ് ട്രംപ് ഇടപെട്ടു മോചിപ്പിച്ചു. മാർച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയായി വിട്ടയച്ചത്. 2015ൽ പോർച്ചുഗലിൽ വെച്ചാണ് സബ്രീന അറസ്റ്റിലായത്. സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഫീൽഡ് ഓഫീസറായിരുന്ന സബ്രീനയ്ക്ക് ഡിപ്ലോമാറ്റിക്ക് കവറേജ് ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് മാതാപിതാക്കളെ സന്ദർശിക്കുന്നതിനായി നടത്തിയ യാത്രയിൽ ലിസ്ബോൺ എയർപോർട്ടിൽ വെച്ചു ഒക്ടോബറിൽ ഇവർ അറസ്റ്റിലായി. 2003ൽ ഇറ്റലിയിൽ വെച്ച് മുസ്‌ലിം ക്ലാർക്ക് ഇമാം അബു ഒമറിനെ തട്ടികൊണ്ടുപോയ കേസിലാണ് ഇവരെ പ്രതി ചേർത്തിരുന്നത്. പോർച്ചുഗലിൽ നിന്നും ഇറ്റലിയിലേക്ക് ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് കൊണ്ടുപോകാനിരിക്കെ ട്രംപ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. കഴിഞ്ഞ 8 വർഷം ഒബാമ ഭരണ കൂടത്തിനു നിരവധി അപ്പീൽ സമർപ്പിച്ചിരുന്നുവെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. ഒബാമയ്ക്ക് എട്ടു വർഷം കൊണ്ട് ചെയ്യുവാൻ കഴിയാതിരുന്ന മോചനം 30 ദിവസം കൊണ്ട് ട്രംപ് നേടിത്തന്നതിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് സബ്രീന ട്രംപിന് ട്വീറ്റ് ചെയ്തിരുന്നു. 1956ൽ ബോംബെയിൽ ജനിച്ച സബ്രീന ഇമാമിനെ തട്ടികൊണ്ടുപോയ കേസ്സിൽ 26 അമേരിക്കക്കാർക്കൊപ്പമാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്.
Comments