വാഷിങ്ടന്‍: അമേരിക്കന്‍ ആരോഗ്യ വകുപ്പു സെക്രട്ടറി ടോം പ്രൈസിന്റെ കീഴില്‍ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ ട്രംപിന്റെ നോമിനിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമാ വര്‍മ്മയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. മാര്‍ച്ച് 13 ന് 55 സെനറ്റ് അംഗങ്ങള്‍ നിയമനത്തെ അംഗീകരിച്ചപ്പോള്‍ 43 പേര്‍ എതിര്‍ത്തു വോട്ടുരേഖപ്പെടുത്തി. ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സെനറ്ററായ കമലാ ഹാരിസ് സീമാ വര്‍മ്മയുടെ നിയമനത്തെ എതിര്‍ത്തവരുടെ ചേരിയിലായിരുന്നു. ട്രംപ് ഭരണത്തില്‍ സെനറ്റിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് സീമാ വര്‍മ്മ. കാബിനറ്റ് റാങ്കില്‍ നിയമിതയായ യുഎന്‍ അംബാസിഡര്‍ നിക്കി ഹെയ്ലി ആയിരുന്നു ആദ്യ നിയമനത്തിനര്‍ഹയായത്. മെഡിക്കെയര്‍, മെഡിക്കെയ്ഡ് രംഗത്തെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഇനി സീമാ വര്‍മ്മയുടെ ദൗത്യം. പുതിയ തസ്തികയ്ക്ക് ഏറ്റവും അനുയോജ്യമായ വ്യക്തിയാണ് കഴിഞ്ഞ 20 വര്‍ഷത്തെ മെഡിക്കല്‍ രംഗത്ത് പാരമ്പര്യമുള്ള സീമയെന്ന് സെനറ്റ് മെജോറിട്ടി ലീഡര്‍ മിച്ചു മെക്കോണല്‍ അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളും സീമാ വര്‍മ്മയുടെ നിയമനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments