ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരങ്ങളിലും ഉണ്ടായ കനത്ത മഞ്ഞുവീഴ്ച പത്തുവയസ്സുകാരന്റെ ജീവനെടുത്തു. പെന്‍ഡല്‍ട്ടണ്‍ ഐക്കിന്‍ റോഡിലുള്ള വസതിക്കു മുമ്പില്‍ കുന്നു കൂടിയ മഞ്ഞില്‍ ടണലുണ്ടാക്കി കളിക്കുന്നതിനിടയില്‍ ടണല്‍ ഇടിഞ്ഞു വീണ് അതിനുള്ളില്‍ അകപ്പെടുകയായിരുന്നു പത്തു വയസ്സുകാരനായ ബെഞ്ചമിന്‍. മാര്‍ച്ച് 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പൊലീസില്‍ വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞില്‍ കുട്ടികള്‍ വീടുണ്ടാക്കി കളിക്കുന്നത് സാധാരണയാണെന്ന് ബഞ്ചമിന്റെ ആന്റി ഡയാന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു സംഭവം ആദ്യമായാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പുറത്തു ഡ്രൈവെ വൃത്തിയാക്കികൊണ്ടിരുന്ന മാതാപിതാക്കള്‍കുട്ടി മഞ്ഞിനടിയില്‍പ്പെട്ടത് അറിഞ്ഞില്ല. പത്തുമിനിട്ട് കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചത്. സ്റ്റാര്‍ പോയിന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥിയായിരുന്നു ബെഞ്ചമിന്‍. സംഭവത്തെക്കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments