ന്യൂയോര്‍ക്ക്: ഉറങ്ങിയെണ്ണീറ്റപ്പോള്‍ വേറൊരു ശബ്ദം. അങ്ങനെ സംഭവിക്കുമോ എന്നു ചോദിച്ചാല്‍, സംഭവിച്ചിരിക്കുന്നു. അരിസോണയിലാണ് സംഭവം. നല്ല തലവേദനയെത്തുടര്‍ന്ന് ഒരു ദിവസം അല്‍പ്പം നേരത്തെ ഉറങ്ങാന്‍ കിടന്നതാണ് മിഷേല്‍ എന്ന മുന്‍ 'ബ്യൂട്ടി ക്വീന്‍'. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ സംസാരരീതി വല്ലാതെ മാറിയിരിക്കുന്നു. ഉച്ചാരണവും വ്യത്യസ്തം. അമേരിക്കന്‍ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണണം വന്നതോടെ ഭയപ്പെട്ടു പോയി അവര്‍. അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും അരിസോണ സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരി മിഷേല്‍ സന്ദര്‍ശിച്ചിട്ടില്ലെന്നതാണ് രസകരം. രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണങ്ങളിലാണ് മിഷേല്‍ സംസാരിച്ചതു. പിന്നെയതു മാറി. രണ്ടുവര്‍ഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. മിഷേലിന്റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു ഫോറിന്‍ അക്‌സന്റ് സിന്‍ഡ്രോം (എഫ്എഎസ്). സ്‌ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ചിലര്‍ ഈ രോഗത്തെത്തുടര്‍ന്ന് ചില പ്രത്യേക സ്വരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങള്‍ വിഴുങ്ങുന്നു. ഉച്ചാരണം പൂര്‍ണമായി മാറിപ്പോകുന്ന അവസ്ഥ. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ശരീരത്തിലെ തൊലി ഇലാസ്റ്റിക് ആകുന്ന, സന്ധികള്‍ ഇളകിപ്പോകുന്നതു പോലുള്ള രോഗവും മിഷേലിനുണ്ട്. രണ്ടു രോഗാവസ്ഥകളില്‍ നിന്നും മോചിതയാകാനുള്ള പരിശ്രമത്തിലാണ് മിഷേല്‍ ഇപ്പോള്‍.
Comments