ഡാലസ്: മാറ്റിവെക്കപ്പെട്ട ഗര്‍ഭാശയത്തില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കിയതായി ഡാലസ് ബെയ് ലര്‍ മെഡിക്കല്‍ സെന്ററിന്റെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഫെബ്രുവരിയിലായിരുന്നു ജനനമെങ്കിലും മാര്‍ച്ച് ആറിനാണ് ആശുപത്രി അധികൃതര്‍ വിവരം പുറത്തുവിട്ടത്. അമേരിക്കയില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ ജനനമാണിത്. ആദ്യ ജനനവും ഡാലസിലെ ഇതേ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. യൂട്രസ്സിന് ജന്മനാല്‍ ഉള്ള തകരാറുമൂലമോ, യൂട്രസ്സില്ലാതെ ജനിക്കുന്നവരില്ലോ, അവയവദാതാക്കളില്‍ നിന്നും ലഭിക്കുന്ന ഗര്‍ഭപാത്രം തുന്നിച്ചേര്‍ത്ത് ഗര്‍ഭോല്‍പാദനം നടത്തി കുഞ്ഞിനു ജന്മം നല്‍കാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പരീക്ഷണമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടി.
അമേരിക്കയിലെ മറ്റു ആശുപത്രികളിലും ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്താവുന്നതാണെന്നും ഇവര്‍ പറയുന്നു. ദിവസം നിരവധി ഫോണ്‍ കോളുകളാണ് ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്നതെന്ന് യൂട്ടറിന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ചുമതല വഹിക്കുന്ന ഡോ. ഗൂലാനൊ ടെസ്റ്റ പറഞ്ഞു. ഒരു സ്ത്രീയുടെ മാറ്റിവെയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ മൂന്നാമതൊരു കുഞ്ഞുകൂടെ വളരുന്നുണ്ടെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. അവയവദാന പട്ടികയില്‍ ഗര്‍ഭപാത്രത്തിനു വലിയ സ്ഥാനമുണ്ട്. അനേക കുടുംബങ്ങളില്‍ ആശ്വാസവും സന്തോഷവും ലഭിക്കുന്നതിന് ഇതിനിടയാക്കു മെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
Comments