You are Here : Home / News Plus

വാഗമണിലെ 55 ഏക്കറോളം സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു

Text Size  

Story Dated: Sunday, September 22, 2019 05:49 hrs UTC

വാഗമണിലെ ഏക്കറുകണക്കിനു വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വിറ്റു. 55 ഏക്കറോളം വരുന്ന ഭൂമിയാണ്
എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫന്‍, അച്ഛന്‍ കെ.ജെ.സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് വിറ്റത്. വ്യീഡപ്പട്ടയം നിര്‍മിച്ചാണ് ഭൂമി തട്ടിപ്പ് നടത്തിരിക്കുന്നത്. വ്യാജപട്ടയം ഉപയോഗിച്ച്‌ സ്വകാര്യ തോട്ടം ഉടമകള്‍ മുറിച്ചുവിറ്റെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന് റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ സ്ഥലം വ്യാജപട്ടയം ഉപയോഗിച്ച്‌ ജോളി സ്റ്റീഫനും അച്ഛനും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന ജോളി സ്റ്റീഫന്റെ മുന്‍ ഭാര്യയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. 1989-ല്‍ ജോളി സ്റ്റീഫനും ബന്ധുക്കളും വാഗമണില്‍ 54.7 ഏക്കര്‍ പട്ടയഭൂമി വാങ്ങി. ഇതോടൊപ്പം 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി കൈയേറുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പീരുമേട് താലൂക്കിലെ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ഭൂമിക്ക് സാങ്കല്‍പ്പിക പേരുകളില്‍ 15 വ്യാജ പട്ടയങ്ങളുണ്ടാക്കി. തുടര്‍ന്ന് ഇവരുടെ ബന്ധു ബിജു ജോര്‍ജിന് ഈ പട്ടയങ്ങള്‍ മുക്ത്യാര്‍ വഴി കൈമാറിയാണ് വില്‍പ്പന നടത്തിയത്.

60 കോടി വിലമതിക്കുന്ന 46.22 ഏക്കര്‍ ഭൂമിയാണ് ഇപ്രകാരം വില്പന നടത്തിയത്. ബാക്കി സര്‍ക്കാര്‍ ഭൂമിയുടെ കാര്യം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറ്റ സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തിയതുകൂടാതെ പട്ടയമുള്ള 54.7 ഏക്കര്‍ ഭൂമിക്ക് വേണ്ടിയും ഇവര്‍ വ്യാജരേഖ ചമച്ചു. സര്‍വേ നമ്ബര്‍ മാറിക്കിടന്നതിനാലാണ് പട്ടയഭൂമിക്കും ഇവര്‍ വ്യാജപട്ടയങ്ങള്‍ ചമച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ കുറ്റകൃത്യത്തിന്റെ യഥാര്‍ഥ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജൂണ്‍ 20-ന് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.