You are Here : Home / News Plus

ആന്ധ്രപ്രദേശിലെ മുഴുവന്‍ മദ്യശാലകളും സര്‍ക്കാര്‍ ഏറ്റെടുക്കും

Text Size  

Story Dated: Sunday, September 29, 2019 09:02 hrs UTC

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ ആന്ധ്രപ്രദേശിലെ മുഴുവന്‍ മദ്യശാലകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഒക്ടോബറില്‍ മുഴുവന്‍ മദ്യശാലകളും ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ നാരായണസ്വാമി പറഞ്ഞു. സെപ്റ്റംബര്‍ 1 മുതല്‍ എപിഎസ്ബിസിഎല്‍ 475 മദ്യശാലകള്‍ ഏറ്റെടുത്തിരുന്നു.മദ്യശാലകളുടെ എണ്ണം 4,380ല്‍ നിന്ന് 3,500 ആയി കുറയ്ക്കുമെന്ന് ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ മദ്യശാലകളും ക്രമേണ പൂട്ടാനാണ്‌ പദ്ധതി. മുന്‍ സര്‍ക്കാര്‍ 43,000 അനധികൃത മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും വൈ എസ് ജഗമന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരമേറ്റതോടെ അവ പൂട്ടിയതായും നാരായണസ്വാമി പറഞ്ഞു. അംഗീകൃത മദ്യഷോപ്പുകളുടെ ലൈസന്‍സിന്റെ മറവിലാണ് അനധികൃത ഷോപ്പുകള്‍ തുറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2,872 കേസുകല്‍ രജിസ്റ്റര്‍ ചെയ്തതായും 2,928 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. ടിഡിപി സര്‍ക്കാര്‍ മദ്യത്തെ ഒരു പ്രധാനവരുമാന മാര്‍ഗമാക്കി മാറ്റുകയായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്ബ് നടത്തിയ പദയാത്രയില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് ജഗന്‍ മോഹന്‍ വാഗ്ദാനം ചെയ്തിരുന്നു. മദ്യത്തിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.