വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യം ശക്തമാകുന്നു. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ദൃഢമാകുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഞായറാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.
രാവിലെ 10 മണിയോടെയാണ് നാട്ടുകാരുടെ നിരാഹാര സമരം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച്ച ഇതേ ആവശ്യമുന്നയിച്ച് ഏകദിന ഉപവാസം ഇരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടിരുന്നു. ചൊവ്വാഴ്ച ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് ബിജെപിയുടെയും തീരുമാനം. കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കുന്ന വിധിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമാക്കിയത്.
Comments