You are Here : Home / News Plus

കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ പിന്തുണക്കുന്നു

Text Size  

Story Dated: Sunday, December 15, 2019 10:03 hrs UTC

സവര്‍ക്കറിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം ശിവസേനയുടെ അഭിപ്രായത്തിന് വിരുദ്ധമാണെന്നും എന്നാല്‍ ഇപ്പോഴും കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ പിന്തുണയ്ക്കുകയാണെന്നും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി ഞായറാഴ്ച പറഞ്ഞു. "ഇത് ഇരട്ടത്താപ്പല്ലെങ്കില്‍ പിന്നെ എന്താണ്?" അവര്‍ ചോദിച്ചു.

പൗരത്വ ഭേദഗതി ബില്ലില്‍ ശിവസേന കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നുവെന്നും ഇപ്പോള്‍ സവര്‍ക്കറിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് അസഹിഷ്ണുത പുലര്‍ത്തുന്നുണ്ടെന്നും ഞായറാഴ്ച രാവിലെ തുടര്‍ച്ചയായ ട്വീറ്റുകളില്‍ മായാവതി പറഞ്ഞു. "ഇതൊക്കെയാണെങ്കിലും, മഹാരാഷ്ട്ര സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഇപ്പോഴും ശിവസേനയെ പിന്തുണയ്ക്കുന്നു. ഇരട്ടത്താപ്പല്ലെങ്കില്‍ പിന്നെ ഇത് എന്താണ്?" അവര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ശിവസേനയെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരേ സമയം പിന്തുണയ്ക്കുകയും എന്നാല്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മായാവതി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ 'റേപ്പ് ഇന്‍ ഇന്ത്യ' (ഇന്ത്യയില്‍ ബലാത്സംഗം) പ്രസ്താവനയില്‍ ക്ഷമ ചോദിക്കില്ലെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, "എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, ഞാന്‍ രാഹുല്‍ ഗാന്ധി എന്നാണ്, ഞാന്‍ ഒരിക്കലും ക്ഷമ ചോദിക്കുകയുമില്ല . സത്യം സംസാരിച്ചതിന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ക്ഷമ ചോദിക്കുകയുമില്ല," എന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന പാര്‍ട്ടി മെഗാ റാലിയില്‍ പറഞ്ഞു.
"മേക്ക് ഇന്‍ ഇന്ത്യ" എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ എവിടെ നോക്കിയാലും "റേപ്പ് ഇന്‍ ഇന്ത്യ" യാണ് എന്നാണ് രാഹുല്‍ ഗാന്ധി ഝാര്‍ഖണ്ഡില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഞങ്ങളുടെ പാര്‍ട്ടി ബഹുമാനിക്കുന്നതിനാല്‍ കോണ്‍ഗ്രസ് സവര്‍ക്കറിനെ അപമാനിക്കരുതെന്ന് ശിവസേന പറഞ്ഞു. പണ്ഡിറ്റ് നെഹറുവിനെയും മഹാത്മാഗാന്ധിയെയും ഞങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറാത്തിയില്‍ എഴുതിയ ട്വീറ്റില്‍ പറഞ്ഞു. "നിങ്ങള്‍ വീര്‍ സവര്‍ക്കറിനെ അപമാനിക്കരുത്. വിവേകമുള്ള ആര്‍ക്കും കൂടുതല്‍ വിശദീകരണം ആവശ്യമില്ല," അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.