പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചൊവ്വാഴ്ച കേളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ.എം രംഗത്ത്. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ്. ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ എന്നും സി.പി.ഐ.എം വ്യക്തമാക്കി.
അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണത്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സി.പി.ഐ.എം അഭ്യര്‍ത്ഥിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം കടുത്ത വര്‍ഗ്ഗീയ വിഭജനമാണെന്നും സിപിഐ എം വ്യക്തമാക്കി. അതുവഴി രാഷ്ട്രീയ നേട്ടുമുണ്ടാക്കാമെന്ന ആര്‍എസ്എസ് - ബിജെപി വര്‍ഗ്ഗീയ കണക്കുകൂട്ടല്‍ മതേതര ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ലക്ഷ്യത്തിന് അന്ത്യം കുറിക്കുന്നതിലേക്കാണ് ചെന്നെത്തുക.
ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഡിസംബര്‍ 19-ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഡിസംബര്‍ 16നു നടക്കുന്ന യോജിച്ച പ്രതിഷേധം ഇന്ത്യയ്ക്കു തന്നെ മാതൃകയാണ്. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വ്വരും മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിധ്വംസക രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും സിപിഐ എം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments