പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹിയിലെയും യു.പി.യിലെയും കാമ്പസുകൾ തുടക്കമിട്ട പ്രതിഷേധം ബഹുജനങ്ങൾ ഏറ്റെടുത്തതോടെ, വ്യാഴാഴ്ച മറ്റു സംസ്ഥാനങ്ങളും അതിൽ മുങ്ങി. സംഘർഷത്തിനിടെ മംഗളൂരുവിൽ രണ്ടുപേരും ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരാളും വെടിയേറ്റു മരിച്ചു. മംഗളൂരുവിൽ നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കൾക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. മംഗളൂരു ബന്ദറിലെ ജലീൽ ബന്ദക്, കുദ്രോളി സ്വദേശി നൗഷീൻ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പോലീസുകാർക്കും പരിക്കേറ്റു. ഇവിടെ വെള്ളിയാഴ്ച അർധരാത്രിവരെ കർഫ്യൂ പ്രഖ്യാപിച്ചു. ലഖ്നൗവിൽ മുഹമ്മദ് വകീൽ എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്. സംഘർഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുഹമ്മദിന് പോലീസിന്റെ വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ പോലീസ് ഇത് നിഷേധിച്ചു.
Comments