മാധ്യമ പ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചുകൊന്ന കേസില്‍ റിമാന്‍ഡിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലം നാളെ ലഭിക്കും. അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്. കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് ഉച്ചയോടെ പൊലീസ് ശ്രീറാമിന്റെ രക്തസാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചത്.
ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിട്ടും രക്തസാംപിള്‍ ശേഖരിക്കുന്നത് പൊലീസ് വൈകിപ്പിക്കുകയായിരുന്നു. അപകടസമയത്ത് എത്രത്തോളം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫലം കേസില്‍ ഏറെ നിര്‍ണായകമാണ്. കാറില്‍ നിന്ന് വിരലടയാളമെടുത്തെങ്കിലും ശ്രീറാമില്‍ നിന്ന് ഇതുവരെയും വിരലടയാളം ശേഖരിച്ചിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടും ശ്രീറാമിനെ സര്‍ക്കാര്‍ ഇതുവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടില്ല. 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുകയാണ്. കേസില്‍ ഇന്നലെ വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. സ്വകാര്യ ആശുപത്രിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. ശ്രീറാമിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ ഉള്ളതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ തുടരട്ടെ എന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഈ ആശുപത്രിയില്‍ തുടര്‍ന്ന് ജാമ്യത്തിന് ശ്രമിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജില്ലാ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലേ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
അതേസമയം കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഉന്നത ഐഎഎസ് ഓഫീസര്‍ പ്രതിയായതിനാല്‍ കേസ് ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിക്കാന്‍ വൈകിയത് ഇതുകൊണ്ടാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ബഷീറിന്റെ സഹോദരന് ആശങ്ക പ്രകടിപ്പിച്ചു.
Comments