മാധ്യമ പ്രവര്ത്തകന് എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. രക്തത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തിൽ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ല. അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു.
Comments