You are Here : Home / News Plus

കരമനയിലെ ദുരൂഹമരണങ്ങള്‍;രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ്

Text Size  

Story Dated: Sunday, October 27, 2019 01:56 hrs UTC

കരമനയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാനായി ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളജിന് കത്ത് നല്‍കി. മൃതദേഹങ്ങള്‍ സംസ്കരിച്ചതിനാല്‍ തുടര്‍ അന്വേഷണം ബുദ്ധിമുട്ടേറിയതാണെന്ന് പ്രത്യേക സംഘം വിലയിരുത്തി. പ്രാഥമികമായി ദുരൂഹത സംശയിക്കാവുന്നതു രണ്ട് മരണങ്ങളിലാണെന്നാണു പൊലീസിന്റെ നിഗമനം.

വ്യാജ വില്‍പത്രത്തിലൂടെ സ്വത്തു തട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് പരാതിയെങ്കിലും സ്വത്തു തട്ടിയെടുത്തതില്‍ മാത്രമാണ് കരമന പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ തട്ടിപ്പു സ്ഥിരീകരിച്ചാല്‍ മാത്രം മരണങ്ങളെക്കുറിച്ചും അന്വേഷിക്കാനാണു തീരുമാനം. മരണത്തില്‍ അന്വേഷണമുണ്ടെങ്കില്‍ പോലും ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായര്‍, ജയപ്രകാശ് എന്നിവരുടെ മരണത്തില്‍ മാത്രം സംശയിച്ചാല്‍ മതിയെന്നുമാണു വിലയിരുത്തല്‍.

2008 ല്‍ മാതാവ് സുമുഖിയമ്മ മരിച്ചതോടെയാണു സ്വത്ത് ഇവരില്‍ മാത്രമായതും ഇവര്‍ക്കു ശേഷം അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടായതും. അതു കൊണ്ട് ആദ്യം പരിശോധിക്കുക 2017 ലുണ്ടായ ജയമാധവന്റെ മരണമാണ്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അന്നു തന്നെ അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ സംശയമൊന്നും പറഞ്ഞിട്ടില്ലെങ്കിലും അന്നെടുത്ത ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വീണ്ടും ലഭിക്കാനാണ് പൊലീസ് നീക്കം.

വിഷം ഉള്‍പ്പെടെ എന്തെങ്കിലും ദുരൂഹത കണ്ടാല്‍ കേസ് വീണ്ടും അന്വേഷിക്കും. 2012 ല്‍ മരിച്ച ജയപ്രകാശിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ല. ഹൃദയ തകരാറിനെ തുടര്‍ന്നു കുഴഞ്ഞു വീണു രക്തം ഛര്‍ദിച്ചു മരിച്ചെന്ന മൊഴിയാണു ചിലര്‍ നല്‍കുന്നത്. എതെങ്കിലും തരത്തിലുള്ള ചികില്‍സാ രേഖകള്‍ ലഭ്യമാണോയെന്നും അന്വേഷിക്കും. ഇവരുള്‍പ്പെടെ മരിച്ചവരുടെയെല്ലാം മൃതദേഹം ദഹിപ്പിച്ചു സംസ്കരിച്ചതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരണവും നടക്കില്ല. രണ്ട് പേരുടെയും സംസ്കാരം നടത്തിയതു സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന രവീന്ദ്രനാണന്നതാണു നിലവില്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന സാഹചര്യം. അതിനാല്‍ പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിക്കുകയാണ് ആദ്യഘട്ടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.