വാളയാറില്‍ പീനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടയച്ച പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രി എ.കെ ബാലന്‍. വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ ബലാത്സംഗം, ആത്മഹത്യാ പ്രേരണ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്വേഷണത്തില്‍ പോലീസ് വീഴ്ച ഉണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേസില്‍ പ്രതിളായിരുന്ന വി.മധു, ഷിബു, എം.മധു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകള്‍, കുറ്റം തെളിയിക്കാന്‍ മതിയായ രേഖകളാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കേസില്‍ ആകെ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്.
ഇനി ഒരാള്‍ മാത്രമാണ് കേസില്‍ അവശേഷിക്കുന്നത്. ആ പ്രതി 17 വയസ്സില്‍ താഴെയുള്ള ആളായതിനാല്‍ ജുവനൈല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആത്മഹത്യാ പ്രേരണ, പ്രകൃതി വിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. ഇതില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ കുട്ടി ലൈംഗീക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് പറഞ്ഞിരുന്നുവെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഒന്‍പതു വയസുള്ള മൂത്ത കുട്ടിയെ ജനുവരി ഒന്നിനും ആറ് വയസുള്ള ഇളയ കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെക്കാള്‍ ഉയരത്തിലുള്ള തൂങ്ങി മരണം സംശയം ജനിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു.
Comments