പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ കേരളത്തിന് ജപ്പാനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും ഒസാക്കയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച പ്രാദേശിക സമയം 5.15 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ എന്നിവരടങ്ങിയ സംഘം ഒസാക്കയിൽ എത്തിയത്. ഞായറാഴ്ച വൈകീട്ട് ഒസാക്കയിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു. വ്യവസായികളും പ്രൊഫഷണലുകളും വിദ്യാർഥികളുമായ ഒട്ടേറേ മലയാളികൾ ചടങ്ങിൽ പങ്കെടുത്തു. പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തെ സഹായിച്ച പ്രവാസി മലയാളികളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി മലയാളികൾക്ക് കേരള വികസനത്തിന് സഹായം നൽകുന്നതിനുള്ള വേദിയാണ് ലോക കേരള സഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments