You are Here : Home / News Plus

കൂടത്തായിയിലെ വീട്ടില്‍ നിന്നു കണ്ടെടുത്ത പൊടി സോഡിയം സയനൈഡ് തന്നെ

Text Size  

Story Dated: Sunday, December 01, 2019 09:37 hrs UTC

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ കൂടത്തായിയിലെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്ത പൊടി സോഡിയം സയനൈഡ് തന്നെയെന്ന് രാസപരിശോധനാഫലം. കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം പൊലീസിനു കൈമാറി. കൂടത്തായി കൊലപാതകപരമ്ബരയിലെ 4 കൊലപാതകങ്ങള്‍ നടത്താന്‍ ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയാണിതെന്നു ജോളി പൊലീസിനു മൊഴി നല്‍കിയിരുന്നു.

നായയെ കൊല്ലാനുള്ള വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. ടോം തോമസിന്റെ കൊലയ്ക്ക് ഉപയോഗിച്ച ശേഷം ബാക്കിയുണ്ടായിരുന്ന സയനൈഡ് നശിപ്പിച്ചു. ഇതിനു ശേഷം 2011ല്‍ രണ്ടാം പ്രതി എം.എസ്.മാത്യു വീണ്ടും സയനൈഡ് സംഘടിപ്പിച്ചു നല്‍കി.

റോയ് തോമസ്, മാത്യു മഞ്ചാടിയില്‍, സിലി, ആല്‍ഫൈന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഈ സയനൈഡാണ്. ബാക്കിയുണ്ടായിരുന്ന സയനൈഡ് വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു. ഒക്ടോബര്‍ 14നു രാത്രിയില്‍ ചോദ്യം ചെയ്യലിനിടെയാണ് വീട്ടില്‍ സയനൈഡ് ഒളിപ്പിച്ചുവച്ച കാര്യം ജോളി വെളിപ്പെടുത്തിയത്. പിടിക്കപ്പെടുകയാണെങ്കില്‍ ആത്മഹത്യ ചെയ്യാനാണ് ഇതെന്നായിരുന്നു ജോളി പറഞ്ഞത്.

അതേസമയം, ടോം തോമസ് വധക്കേസില്‍ പ്രതി ജോളി ജോസഫിന്റെ റിമാന്‍ഡ് നീട്ടി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി ഇന്നലെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 14 ദിവസം കൂടി വീണ്ടും റിമാന്‍ഡ് ചെയ്തത്. രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് കാലാവധി കഴിയുന്നതുവരെ ജയിലിലയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.