പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി രാഷ്‌ട്രപതിഭവനിലേക്ക് മാർച്ച് ചെയ്‌ത ജെഎൻയു വിദ്യാർഥികളെ പൊലീസ് വീണ്ടും തല്ലിച്ചതച്ചു. പെൺകുട്ടികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന മാർച്ചിനുനേരെ രണ്ടുതവണ ലാത്തിവീശി. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ പൊലീസ് വാഹനത്തിൽനിന്ന് തള്ളിയിട്ടു. മർദനം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും പൊലീസ് കൈയേറ്റം ചെയ്‌തു. ദൃശ്യങ്ങളെടുത്താൽ ‘മറ്റ് ചിലത് സംഭവിക്കും’ എന്നായിരുന്നു പൊലീസ് ഭീഷണി. ജെഎൻയു ക്യാമ്പസിൽനിന്ന് ആരംഭിച്ച ലോങ് മാർച്ച് പൊലീസും സിആർപിഎഫും ചേർന്ന് ഭിക്കാജികാമാ പ്ലേസിൽ തടഞ്ഞു. മാർച്ച് തുടരാൻ ശ്രമിച്ചപ്പോൾ വളഞ്ഞിട്ട് മർദിച്ചു. രാവിലെ ക്യാമ്പസിന്റെ എല്ലാഗേറ്റും പൊലീസ് പൂട്ടി. പ്രതിഷേധം സോഷ്യൽമീഡിയയിലടക്കം പ്രചരിച്ചതോടെ ഗേറ്റുകൾ തുറന്നു. ഒരു നിയമവും പാലിക്കാതെയാണ് പൊലീസ് പെരുമാറിയതെന്ന് ഐഷി ഘോഷ് പറഞ്ഞു
Comments