അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്നും ഈ സാഹചര്യത്തിൽ അതിർത്തി തുറക്കാൻ സാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാട് യെദ്യൂരപ്പ ആവർത്തിച്ചത്. അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഉന്നയിക്കുന്ന വാദം. കാസർഗോഡ് രോഗികളെ മംഗളൂരുവിലേയ്ക്ക് പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. കൂട്ടത്തിൽ രോഗികൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും അതിർത്തി അടച്ചത് മുൻകരുതലിന്റെ ഭാഗമായിട്ടാണെന്നും യെദ്യൂരപ്പ പറഞ്ഞു. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർഗോഡ് അതിർത്തി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ദേവഗൗഡ യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു.
Comments