You are Here : Home / News Plus

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ നികേഷ് കുമാര്‍

Text Size  

Story Dated: Friday, July 05, 2013 01:27 hrs UTC

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്തെഴുതി.

 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍ അയക്കുന്ന തുറന്ന കത്ത്

ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി, സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തില്‍ താങ്കളുടെ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ദുഃസൂചനകളാണ് എന്നെ ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. സരിത എസ് നായരുടെ ടീം സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പുകള്‍ തുടക്കം മുതല്‍ വാര്‍ത്തയാക്കിയ മാധ്യമമാണ് റിപ്പോര്‍ട്ടര്‍. താങ്കളുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ സരിതയെ ടെലിഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങളും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിത ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും റിപ്പോര്‍ട്ടര്‍ പുറത്തു കൊണ്ടുവന്നിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനാത്മകമായി തന്നെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത്. 20 വര്‍ഷത്തെ എന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ പൊതുസമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ എന്നും ഞാന്‍ സ്വീകരിച്ചിരുന്ന മാധ്യമനിലപാട് ഇതുതന്നെയായിരുന്നു.

 

ഇത് താങ്കള്‍ക്കും കേരളീയ സമൂഹത്തിനും അറിവുള്ളതാണല്ലോ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ മാസം നാലിന് ആദ്യം തൃശൂരും പിന്നീട് മലപ്പുറത്തും മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. തൃശൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഒരു ദിവസം മുഴുവന്‍ എന്നെ സരിത വിളിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷിനെയും സരിത വിളിച്ചിരുന്നു. മൂന്നോ,നാലോ തവണ നികേഷിനെ സരിത വിളിച്ചിരുന്നു. നികേഷിനോട് ഞാനിത് വിളിച്ചു പറയുകയും ചെയ്തിരുന്നു’. മലപ്പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെ: ‘റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷ് കുമാറിനെയും സരിത വിളിച്ചിട്ടുണ്ട്’

 

2012 ഓഗസ്ത് 29നാണ് 8606161700 എന്ന നമ്പറില്‍ നിന്ന് മറ്റ് നൂറുകണക്കിന് ഓണാശംസകള്‍ക്കൊപ്പം ആശംസാ സന്ദേശം എത്തിയത്. ഈ നൂറുകണക്കിന് ആശംസകള്‍ക്ക് ഒന്നൊന്നായി മറുപടി സന്ദേശം അയക്കാന്‍ കഴിയില്ലെന്നിരിക്കെ എല്ലാ സന്ദേശങ്ങള്‍ക്കും കൂടി നന്ദി അറിയിക്കാനായി ബള്‍ക്ക് എസ്എംഎസാണ് അയച്ചത്. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍-ഇന്‍ ചീഫ് എന്ന നിലയിലും സമൂഹത്തിന്റെ പല തുറകളിലും ഉള്ള നിരവധി പേര്‍ വിശേഷദിവസങ്ങളില്‍ എനിക്ക് ആശംസാസന്ദേശം അയക്കാറുണ്ട്. ഈ രീതിയില്‍ ഇതിന് നന്ദി അറിയിക്കാറുമുണ്ട്. ഈ പറയുന്ന നമ്പറില്‍ നിന്ന് സന്ദേശം വന്നത് രാത്രി 12.09നാണ് . ഞാന്‍ എല്ലാവര്‍ക്കുമായി ബള്‍ക്ക് എസ്എംഎസ് അയച്ചത് രാവിലെ 8.40നാണ്. ഇതിനെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാര്‍ സരിതയുമായി മൂന്നുതവണ ഫോണില്‍ ബന്ധപ്പെട്ടു എന്ന രീതിയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഉപയോഗിച്ചത് ഇതില്‍ നിന്ന് ഞാന്‍ പഠിക്കേണ്ട പാഠം എന്താണ്.

 

സര്‍ക്കാരിന് അപ്രിയമായ വാര്‍ത്ത കൊടുത്താല്‍ സ്വഭാവഹത്യ നടത്തി പ്രതികാരം വീട്ടുമെന്നോ? അല്ലെങ്കില്‍ വാര്‍ത്താപ്രാധാന്യം ഇല്ലാത്തവ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട്, തെറ്റായി പരാമര്‍ശിച്ച് വാര്‍ത്താപ്രാധാന്യം സൃഷ്ടിക്കുമെന്നോ? നിയമസഭയില്‍ അരനൂറ്റാണ്ടോളം കാലത്തെ പ്രവര്‍ത്തനപരിചയം ഉള്ള ഒരാളുടെ മന്ത്രിസഭയില്‍ നിന്നും ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചതല്ല. ഇതൊരു ഭീഷണിയാണെങ്കില്‍ അതിന് വഴങ്ങുന്ന മാധ്യമപ്രവര്‍ത്തനശൈലിയല്ല എന്റെയും റിപ്പോര്‍ട്ടറിന്റെയും എന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ. ആദരവോടെ,

എം വി നികേഷ് കുമാര്‍

എറണാകുളം

എഡിറ്റര്‍-ഇന്‍ ചീഫ്/മാനേജിംഗ് ഡയറക്ടര്‍

05-07-13

റിപ്പോര്‍ട്ടര്‍ ടി വി എറണാകുളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.