ന്യൂഡല്‍ഹി. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ മാനഭംഗം, കൊലപാതകം എന്ന കുറ്റങ്ങളടക്കം തെളിഞ്ഞുവെന്നു ജുവനൈല്‍ ജസ്റ്റിസ് കോടതി. ജുവനൈല്‍ ഹോമില്‍ മൂന്നു വര്‍ഷം തടവിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നല്‍കാനാകുന്ന പരമാവധി ശിക്ഷയാണിത്. ഇയാളുള്‍പ്പെടെ ആറു പേരാണു കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രധാന പ്രതിയായ രാം സിങ് കഴിഞ്ഞ മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍, യുവാവിന്റെ കേസ് ജുവനൈല്‍ കോടതിയും മറ്റുള്ളവരുടേത് സാകേത് കോടതിയുമാണു പരിഗണിക്കുന്നത്. പ്രതികളായ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ്. ഇവര്‍ക്കെതിരെയുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 80 സാക്ഷികളാണ് ഇവര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബര്‍ 16നു തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടമാനഭംഗത്തില്‍ പ്രതികളായ ആറു പേരില്‍ ഏറ്റവും പൈശാചികമായി പെരുമാറിയത് ഇയാളാണെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
Comments