You are Here : Home / News Plus

നട തുറന്ന് രാമചന്ദ്രന്‍ പൂരത്തിന് തുടക്കം കുറിച്ചു

Text Size  

Story Dated: Sunday, May 12, 2019 08:14 hrs UTC

നെയ്തലക്കാവിലമ്മയുടെ തിടമ്ബേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തുറന്നതോടെ തൃശൂര്‍ പൂരത്തിന്റെ ഔദ്യോഗിക വിളംബരം നടന്നു. വലിയ സുരക്ഷാ സന്നാഹത്തോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പുരവിളംബര ചടങ്ങില്‍ എഴുന്നള്ളത്തിനെത്തിച്ചത്.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്ബ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്ബടിയോടെയാണ് നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ ഗോപുരനട തുറന്നത്.

പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തിച്ചത്. വലിയ ആള്‍ക്കൂട്ടമാണ് എഴുന്നള്ളിപ്പ് കാണാന്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകീടിയത്.ഭഗവതിയുടെ തിടമ്ബേറ്റി പടിഞ്ഞാറെ നടയില്‍ കൂടിയാണ് രാമചന്ദ്രന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്.

അതേസമയം ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. തിരുവമ്ബാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനുമുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാവും.

വൈകീട്ട് നാലോടെ തെക്കേഗോപുരനടയില്‍ തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മില്‍ കുടമാറ്റത്തിന് തുടക്കമാവും. പുലര്‍ച്ചയോടെ മാനത്ത് വര്‍ണം നിറയ്ക്കുന്ന വെടിക്കെട്ട്. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.