മുക്കം നീലേശ്വരം സർക്കാർ സ്കൂളിൽ അധ്യാപകൻ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകൻ കുറ്റക്കാരനെന്ന് ശരിവെക്കുന്ന പല രേഖകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നീലേശ്വരം സ്കൂളിൽ പോലീസ് നടത്തിയ തെളിവെടുപ്പിനിടയിലും പരിശോധനിയിലുമാണ് രേഖകൾ പിടിച്ചെടുത്തത്. എന്നാൽ എന്തൊക്കെ രേഖകളാണ് പിടിച്ചെടുത്തത് എന്ന് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചോദ്യം ചെയ്യലിൽ വിദ്യാർഥികൾക്ക് കാണിച്ച് കൊടുത്ത ഇംഗ്ലീഷ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വിദ്യാർഥി തിരിച്ചറിഞ്ഞിരുന്നു. വിദ്യാർഥി എഴുതിയെന്ന് പറയുന്ന പേപ്പർ കണ്ടെത്തിയിരുന്നുമില്ല. അധ്യാപകൻ വിദ്യാർഥികളുടെ അറിവോടെയല്ല പരീക്ഷ എഴുതിയത് എന്നതിന് നിർണായക തെളിവായി മാറും ആ ഉത്തരക്കടലാസുകൾ. ഇത് കണ്ടെത്തണമെങ്കിൽ അധ്യാപകന്റെ അറസ്റ്റിലൂടെ മാത്രമേ സാധിക്കൂ. ഇതിനിടെ കേസിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകൻ കോടതിയെ സമീപിച്ചു.
Comments